NATIONAL

''നമ്പര്‍ തരൂ, ഞാന്‍ വീഡിയോ കോളില്‍ വരാം'', അനധികൃത മണ്ണ് കടത്ത് തടയാനെത്തിയ വനിതാ ഐപിഎസ് ഓഫീസറോട് അജിത് പവാര്‍; വൈറലായി വീഡിയോ

വിളിച്ചത് ഉപമുഖ്യമന്ത്രി തന്നെയാണോ എന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് അഞ്ജന കൃഷ്ണ വീഡിയോയില്‍ പറയുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

സോളാപൂര്‍ ജില്ലയിലെ അനധികൃത മണ്ണ് കടത്തിനെതിരെ നടപടി എടുക്കുന്നതില്‍ നിന്നും ഐപിഎസ് ഓഫീസറെ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാര്‍ തടസപ്പെടുത്തിയെന്ന ആരോപണം നിരസിച്ച് എന്‍സിപി.

ഐപിഎസ് ഓഫീസര്‍ പാര്‍ട്ടിപ്രവര്‍ത്തകരെ അധിക്ഷേപിച്ചപ്പോള്‍ അജിത് പവാര്‍ ഐപിഎസ് ഓഫീസറെ ശാസിച്ചതാവാമെന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് സുനില്‍ തട്കരെ പറഞ്ഞത്. സോളാപൂര്‍ ജില്ലയിലെ അനധികൃത മണ്ണ് കടത്തിനെതിരെ നടപടിയെടുക്കുന്ന ഐപിഎസ് ഓഫീസറെ അജിത് പവാര്‍ ഫോണിലൂടെ ശകാരിക്കുന്നതെന്ന് കരുതുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമുണ്ടായത്.

രണ്ട് ദിവസം മുമ്പ് സോളാപൂര്‍ ജില്ലയിലെ മധ തലൂക്കിലെ കുര്‍ദു ഗ്രാമത്തിലാണ് സംഭവം. വൈറലായ വീഡിയോയില്‍ അഞ്ജന കൃഷ്ണയെന്ന കര്‍മാല ഡെപ്യൂട്ടി സൂപ്രണ്ടിനെ ഫോണില്‍ വിളിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. റോഡ് നിര്‍മാണത്തിലും മറ്റും ഉപയോഗിക്കുന്ന മുറം എന്ന മണ്ണാണ് അനധികൃതമായി കുഴിച്ചെടുത്തത്.

വിളിച്ചത് ഉപമുഖ്യമന്ത്രി തന്നെയാണോ എന്ന് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അഞ്ജന കൃഷ്ണ വീഡിയോയില്‍ പറയുന്നുണ്ട്. പിന്നാലെ നിങ്ങള്‍ക്ക് എന്റെ മുഖം മാനസിലാക്കാന്‍ കഴിയുമോ എന്ന് അജിത് പവാറും ചോദിക്കുന്നുണ്ട്.

ആരാണ് വിൡക്കുന്നതെന്ന് വീഡിയോയിയല്‍ ഐപിഎസ് ഓഫീസര്‍ ചോദിക്കുന്നത് കാണാം. അപ്പോള്‍ മറുവശത്ത് ഇരിക്കുന്നയാള്‍ പറയുന്നത്, ഞാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറാണ്. നിങ്ങള്‍ക്കെന്ന മനിസിലാവുന്നില്ലേ? നമ്പര്‍ തരൂ ഞാന്‍ വീഡിയോ കോളില്‍ വരാം എന്നും അജിത് പവാര്‍ പറയുന്നുണ്ട്. ഈ വീഡിയോ പെട്ടെന്ന് തന്നെ വൈറല്‍ ആവുകയും അജിത് പവാറിനെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയരുകയും ചെയ്തു.

'അജിത് പവാര്‍ നേരേ വാ നേരേ പോ എന്ന നിലപാട് ആണ് എടുക്കാറ്. ഒരു അനധകൃത നടപടിയെയും പിന്തുണയ്ക്കില്ല. അദ്ദേഹം ഒരുപക്ഷെ സാഹചര്യത്തെ തണുപ്പിക്കാന്‍ വേണ്ടിയാകാം നടപടി എടുക്കരുതെന്ന് പറഞ്ഞത്,' എന്നാണ് തട്കരെ പറയുന്നത്. എന്നാല്‍ അജിത് കുമാര്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്ന് മഹാരാഷ്ട്ര എഎപി വൈസ് പ്രസിഡന്റ് വിജയ് കുംഭാര്‍ പറഞ്ഞു.

SCROLL FOR NEXT