ഡൽഹി: നീറ്റ് പുനഃപരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ പ്രതി കോടതിയെ സമീപിച്ചു. ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. റദ്ദാക്കിയ നീറ്റ് പരീക്ഷ യഷും എഴുതിയിരുന്നു.
ജൂൺ 21ന് നടക്കുന്ന പരീക്ഷ എഴുതാൻ അനുവാദം വേണമെന്നാണ് ആവശ്യം. പഠനത്തിനായുള്ള പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണം. 15 ദിവസത്തെ ജാമ്യമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഹർജി പരിഗണിച്ച കോടതി സിബിഐയുടെ പ്രതികരണം തേടിയിട്ടുണ്ട്. അപേക്ഷയിൽ കോടതി ജൂൺ 12ന് വീണ്ടും വാദം കേൾക്കും.
അതേസമയം യഷ് യാദവിന് പഠനത്തിനായുള്ള പുസ്തകങ്ങളും, സ്റ്റഡി മെറ്റീരിയിലുകളും ജയിലിൽ അനുവദിക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം യാദവിനെ പുനഃപരീക്ഷ എഴുതാൻ ദേശീയ പരീക്ഷ ഏജൻസി അനുമതി നൽകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ യഷ് യാദവ് ഉൾപ്പെടെ പത്തോളം പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിനിടെ പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. ചോദ്യപേപ്പർ തയ്യാറാക്കുന്നവരെ പരീക്ഷ നടക്കുന്നത് വരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ചോദ്യപേപ്പറുകൾ സുരക്ഷിതമാക്കി എത്തിക്കാൻ വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്.