NATIONAL

ഒരു ലക്ഷത്തോളം ബൾബുകളുടെ വെളിച്ചത്തിൽ തിളങ്ങി മൈസൂർ കൊട്ടാരം; ഡ്രോൺ ഷോയും ജംബൂ സവാരിയും കാണാൻ ഒഴുകിയെത്തി ജനലക്ഷങ്ങൾ

എന്നാൽ ആഘോഷങ്ങളുടെ തിളക്കത്തിനിടയിലും കനത്ത ജനത്തിരക്ക് സന്ദർശകർക്കും അധികൃതർക്കും ഒരുപോലെ വെല്ലുവിളിയാവുകയാണ്

Author : ന്യൂസ് ഡെസ്ക്

മൈസൂർ: രാജകീയ പ്രൗഢിയിലും വർണവിസ്മയത്തിലും മൈസൂർ നഗരം ദസറാ ആഘോഷലഹരിയിൽ. ഒരു ലക്ഷത്തോളം ബൾബുകളുടെ വെളിച്ചത്തിൽ തിളങ്ങുന്ന മൈസൂർ കൊട്ടാരവും കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ ഷോയും സാംസ്കാരിക പരിപാടികളും പ്രസിദ്ധമായ ജംബൂ സവാരിയുമെല്ലാം കാണാൻ നഗരത്തിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് ആളുകൾ. എന്നാൽ ആഘോഷങ്ങളുടെ തിളക്കത്തിനിടയിലും കനത്ത ജനത്തിരക്ക് സന്ദർശകർക്കും അധികൃതർക്കും ഒരുപോലെ വെല്ലുവിളിയാവുകയാണ്.

നൂറ്റാണ്ടുകളുടെ പൈതൃകവും രാജകീയ പാരമ്പര്യവും വിളിച്ചോതുന്ന മൈസൂർ ദസറയ്ക്ക് ഇത്തവണയും ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. പരമ്പരാഗത ചടങ്ങുകൾ മുതൽ സാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേള, പുഷ്പമേള, കംബള മത്സരങ്ങൾ എന്നിവയിലൂടെ നീളുന്ന ആഘോഷങ്ങൾ നഗരത്തെ ഉത്സവലഹരിയിലാഴ്ത്തുന്നു. രാത്രിയിൽ ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ഷോയും ദസറയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

അലങ്കാരവിളക്കുകളാൽ തിളങ്ങുന്ന നഗരവീഥികളും വർണവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന കൊട്ടാരവും സന്ദർശകർക്ക് പകരുന്നത് അപൂർവ കാഴ്ചാനുഭവം. ആഘോഷങ്ങളുടെ പരിസമാപ്തിയായുള്ള ജംബൂ സവാരി കാണാനും വലിയ ജനക്കൂട്ടമാണ് എത്തുന്നത്.

ആഘോഷങ്ങൾ ആസ്വദിക്കാനെത്തുന്നവർക്ക് മുന്നിലെ പ്രധാന വെല്ലുവിളി കനത്ത ജനത്തിരക്കാണ്. പ്രധാന റോഡുകളിലും പരിപാടികൾ നടക്കുന്ന വേദികൾക്ക് സമീപവും ആളുകൾ തിങ്ങിനിറയുന്നതോടെ ഗതാഗത നിയന്ത്രണവും ജനക്കൂട്ടത്തെ നിയന്ത്രിക്കലും പൊലീസിനും അധികൃതർക്കും വലിയ ദൗത്യമായി മാറുന്നു.

തിരക്ക് കാരണം ഇഷ്ടപ്പെട്ട കാഴ്ചകൾ കാണാനും ഒരു വേദിയിൽനിന്ന് മറ്റൊരിടത്തേക്ക് എത്താനും സന്ദർശകർ ഏറെ സമയം ചെലവഴിക്കേണ്ടിവരുന്നു. എങ്കിലും തിരക്കുകളെല്ലാം അതിജീവിച്ച് മൈസൂർ ദസറയുടെ ആവേശവും രാജകീയ പ്രൗഢിയും പരമാവധി ആസ്വദിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ.

പ്രധാന റോഡുകളിലും പരിപാടികൾ നടക്കുന്ന ഇടങ്ങളിലും ആളുകൾ തിങ്ങിനിറയുന്നതോടെ, തിരക്ക് നിയന്ത്രിക്കാൻ പോലീസും അധികൃതരും ഏറെ പാടുപെടേണ്ടി വരുന്നു.

തിരക്കുകൾ എല്ലാം അതിജീവിച്ച് മഹാമേളയുടെ ആവേശം ചോരാതെ ആസ്വദിക്കാനുള്ള തീവ്രശ്രമത്തിലാണ് ഓരോ സഞ്ചാരിയും.

SCROLL FOR NEXT