NATIONAL

"തെരുവില്‍ ബഹളമുണ്ടാക്കാനാണ് രാഹുലിന് താത്പര്യം"; വോട്ട് ചോരിയില്‍ വെല്ലുവിളിയുമായി അമിത് ഷാ

പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കാം. ഇരു നേതാക്കളേയും വെല്ലുവിളിക്കുന്നുവെന്നും അമിത് ഷാ

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വോട്ട് ചോരി വിവാദത്തിലും ആരോപണങ്ങളിലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ച നടത്താനാണ് അമിത് ഷായുടെ വെല്ലുവിളി.

വോട്ട് ചോരി ആരോപണത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നാണ് അമിത് ഷാ രാഹുല്‍ ഗാന്ധിയോടും അഖിലേഷ് യാദവിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കാം. ഇരു നേതാക്കളേയും വെല്ലുവിളിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് അമിത് ഷായുടെ വെല്ലുവിളി.

വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നാണ് അമിത് ഷായുടെ ആരോപണം. രാഹുല്‍ ഗാന്ധിക്ക് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനല്ല, പകരം തെരുവില്‍ ബഹളമുണ്ടാക്കാനാണ് താത്പര്യമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പരിഹസിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ ഇന്ന് നടക്കാനിരിക്കേയാണ് ആഭ്യന്തര മന്ത്രിയുടെ വെല്ലുവിളിയും പരിഹാസവും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതിയില്‍ പ്രതീകാത്മക ഇംപീച്ച്‌മെന്റും ഇന്ന് നടക്കും. ഇന്നലെ നിശ്ചയിച്ചിരുന്ന പരിപാടി പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്, ഐസ നേതാവ് നേഹ ബോറ ഉള്‍പ്പെടെയുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുക്കും. സിജെപിയും യോഗത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കനത്ത മഴയും മോശം കാലാവസ്ഥയും കണക്കിലെടുത്ത് ഇന്നലെ നടക്കേണ്ടിയിരുന്ന മോക്ക് പാര്‍ലമെന്റ് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

SCROLL FOR NEXT