മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് തൃണമൂൽ സ്ഥാനാർഥി റബിയുള്‍ ആലം ചൗധരി 
NATIONAL

ബംഗാളിൽ വീണ്ടും ട്വിസ്റ്റ്; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് തൃണമൂൽ സ്ഥാനാർഥി റബിയുള്‍ ആലം ചൗധരി

റെജി നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി മമത ബാനര്‍ജിയുടെ സ്ഥാനാര്‍ഥി റബിയുള്‍ ആലം ചൗധരി.

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ്. റെജിനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി മമത ബാനര്‍ജിയുടെ സ്ഥാനാര്‍ഥി റബിയുള്‍ ആലം ചൗധരി. ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പീഡനങ്ങള്‍ മൂലം പാര്‍ട്ടി പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടിലായതിനാലാണ് പിന്മാറാന്‍ നേരത്തെ തീരുമാനിച്ചതെന്ന് ചൗധരി വ്യക്തമാക്കി.

പ്രവര്‍ത്തകര്‍ പലവിധത്തില്‍ വേട്ടയാടപ്പെടുകയാണ്. അവരില്‍ ഭൂരിഭാഗവും ജോലി ആവശ്യങ്ങള്‍ക്കായി പ്രദേശം വിട്ടുപോയി. ഭരണകൂടത്തിൻ്റെ കടുത്ത സമ്മര്‍ദ്ദം കാരണം പോരാട്ടത്തില്‍ തുടരാനാവില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അതുകൊണ്ടാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ മുന്‍പ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നന്ദി ഗ്രാമിലും റെജിനഗറിലും ഒക്ടോബര്‍ 6-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ മമത പക്ഷത്തിൻ്റെ സ്ഥാനാർഥി സഞ്ചിത പ്രധാൻ ദേ പത്രിക പിൻവലിച്ചിരുന്നു.

നന്ദിഗ്രാമിലെ സ്ഥാനാർഥി പിന്മാറിയതിന് പിന്നാലെ അവിടെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ പിന്തുണയ്ക്കുമെന്ന് മമത പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം കൊലപാതകക്കേസിൽ കോൺഗ്രസ് സ്ഥാനാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തത് മമത ക്യാമ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേസമയം പാര്‍ട്ടി പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിനെതിരെ മമത ബാനര്‍ജി നിലവില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

SCROLL FOR NEXT