NATIONAL

രണ്ടാഴ്ചയ്ക്കിടെ വിഷം കൊടുത്ത് കൊന്നത് 500 ഓളം തെരുവുനായ്ക്കളെ; അന്വേഷണം ഊര്‍ജിതമാക്കി തെലങ്കാന പൊലീസ്

ധര്‍മപുരി മുന്‍സിപ്പാലിറ്റിയില്‍ നായയ്ക്ക് വിഷം കുത്തിവയ്ക്കുന്ന വീഡിയോ പലയിടങ്ങളിലും പ്രചരിക്കുന്നുണ്ട്.

Author : കവിത രേണുക

ഹൈദരാബാദ്: തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി തെലങ്കാന പൊലീസ്. ഏഴോളം ഗ്രാമത്തലവന്മാരടക്കം 15 പേര്‍ക്കെതിരെയാണ് നിയമനടപടി എടുത്തത്. ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ ആളുകള്‍ക്കെതിരെയാണ് നടപടി.

2026 ജനുവരിയിലെ രണ്ടാഴ്ചയ്ക്കിടെ വിഷം കൊടുത്ത് കൊന്നത് 500ലേറെ നായ്ക്കളെയാണ്. തെരുവുനായ ശല്യം അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിനായാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

അടുത്തിടെ ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് 'തെരുവുനായ ശല്യം ഇല്ലാത്ത ഗ്രാമം' എന്ന് വാഗ്ദാനം നൽകിയാണ്. ഇതിന് പിന്നാലെയാണ് നായ്ക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

മാരകമായ വസ്തുക്കള്‍ കുത്തിവച്ചാണ് നായ്ക്കളെ കൊലപ്പെടുത്തിയത്. ധര്‍മപുരി മുന്‍സിപ്പാലിറ്റിയില്‍ നായയ്ക്ക് വിഷം കുത്തിവയ്ക്കുന്ന വീഡിയോ പലയിടങ്ങളിലും പ്രചരിക്കുന്നുണ്ട്. കുത്തിവച്ച് ഒരു മിനിട്ടിനുള്ളില്‍ തന്നെ കുട്ടി മരിക്കുന്നുണ്ട്. മറ്റു രണ്ട് നായ്ക്കള്‍ കൂടി ഇത്തരത്തില്‍ വിഷം കുത്തി വയ്ക്കപ്പെട്ട് ചത്ത് കിടക്കുന്നതും വിഡിയോയില്‍ കാണാം. ധര്‍മപുരി മുന്‍സിപ്പാലിറ്റിയില്‍ മാത്രം 50 ഓളം നായ്ക്കളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഹനംകൊണ്ടയില്‍ 110 നായ്ക്കളെയാണ് വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഷയാംപെട്ട പറഞ്ഞു. അതേസമയം നായ്ക്കളില്‍ കുത്തിവച്ച വിഷം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിനായി ഗ്രാമപഞ്ചായത്തുകള്‍ നായ പിടുത്തക്കാരെ ഉപയോഗിച്ചാണ് തെരുവുനായ്ക്കളെ കൊന്നൊടുക്കിയത്.

SCROLL FOR NEXT