കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി Image: X
NATIONAL

"ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട"; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

കരസേന ദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്.

കരസേന ദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഭാവിയില്‍ എന്തെങ്കിലും പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായാല്‍ ശക്തമായി നേരിടുമെന്നാണ് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. വാര്‍ത്താ സമ്മേളനം വിളിച്ചാണ് കരസേനാ മേധാവി ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണെന്ന് വ്യക്തമാക്കിയത്.

വ്യക്തമായ രാഷ്ട്രീയ മാര്‍ഗനിര്‍ദേശത്തില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സംയുക്ത സൈനിക നീക്കത്തിന്റെ മികച്ച ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

മെയ് 7 നായിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും നൂറിലധികം ഭീകരാവാദികളെ ഉന്മൂലനം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ പാകിസ്ഥാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇന്ത്യ പ്രതിരോധിക്കുകയും ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഭീകരര്‍ ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ പ്രായോഗികമായി നിലച്ചുവെന്നും കരസേനാ മേധാവി പറഞ്ഞു. ഇതിനര്‍ഥം ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സേനയുടെ സാന്നിധ്യം കുറച്ചെന്നോ സൈന്യത്തെ പിന്‍വലിച്ചെന്നോ അല്ല. നേരത്തേ ഉണ്ടായിരുന്ന അതേ ജാഗ്രത ഇപ്പോഴും തുടരുന്നുണ്ട്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ രീതി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ആളുകളെ ഇങ്ങോട്ടേക്ക് വരാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT