NATIONAL

'ഒരു മെസേജില്ല, രേഖകളിൽ ഒപ്പിട്ടതുമില്ല...'; പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കാണാതായത് നിക്ഷേപകരുടെ 35 കോടിയോളം രൂപ!

സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജർ ഉൾപ്പടെ ജീവനക്കാരെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

നോയിഡ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ബ്രാഞ്ചിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് റിപ്പോർട്ടുകൾ. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് കോടിക്കണക്കിന് രൂപ കാണാനില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഏകദേശം 35 കോടിയോളം രൂപയാണ് അപ്രത്യക്ഷമായത് എന്നാണ് നിക്ഷേപകരുടെ പരാതിയിൽ പറയുന്നത്. പ്രാഥമിക പരിശോധനയിൽ നിലവിൽ 16 കോടിയിലധികം രൂപയുടെ ക്രമക്കേട് സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രാൻസ്ക്ഷനുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള മെസേജും കസ്റ്റമേഴ്സിന്റെ ഫോണുകളിലേക്ക് എത്തിയില്ലെന്നും പരാതിയുണ്ട്. ഒരു രേഖയിലും ഞങ്ങൾ ഒപ്പു വെച്ചിട്ടില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. സേവിങ്സ് അക്കൗണ്ടുകളിൽ നിന്നും സ്ഥിര നിക്ഷേപങ്ങളിലും നിന്നുമാണ് പ്രധാനമായും തുക നഷ്ടപ്പെട്ടിരിക്കുന്നത്. ജേവർ വിമാനത്താവള പദ്ധതിക്കായി ഭൂമി വിട്ടുനൽകിയതിനെ തുടർന്ന് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ച സാധാരണക്കാരായ കർഷകരുടെയും ഗ്രാമീണരുടെയും പണമാണ് അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജർ ഉൾപ്പടെ ജീവനക്കാരെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് പണം നിക്ഷേപിച്ച സാധാരണക്കാർ. "എന്റെ സേവിംഗ്സ് അക്കൗണ്ടിൽ 39 ലക്ഷം രൂപയുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അതിൽ ഒന്നുമില്ല. പണം കൈമാറാൻ അനുമതി നൽകിക്കൊണ്ട് ഒരു സന്ദേശവും എനിക്ക് ലഭിച്ചിട്ടില്ല, ഒരു രേഖയിലും ഞാൻ ഒപ്പിട്ടു നൽകിയിട്ടുമില്ല". പിഎൻബിയിൽ പണം നിക്ഷേപിച്ചവരിൽ ഒരാളായ ഹനീഫ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

'എന്റെ സേവിങ്സ് അക്കൗണ്ടിൽ നേരത്തെ 87 മുതൽ 88 ലക്ഷം രൂപ വരെ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അതിൽ വെറും ഒരു ലക്ഷം രൂപ മാത്രമേയുള്ളൂ, വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അധികൃതരിൽ നിന്ന് ലഭിച്ച നഷ്ടപരിഹാരത്തുകയായിരുന്നു അത്, വിജേന്ദ്ര സിങ് എന്ന കർഷകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിറോണ്ട ഗ്രാമത്തിൽ നിന്നുള്ള, ചായക്കട നടത്തുന്ന 60 വയസ്സുകാരിക്ക്, ജേവാർ വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുത്തപ്പോൾ ലഭിച്ച 1.29 കോടി രൂപയിൽ നിന്ന് 1.18 കോടി രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തിട്ടുണ്ട്.

പരാതികൾ ശക്തമായതോടെ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ.

SCROLL FOR NEXT