ഫരീദാബാദിൽ സ്ഫോടനവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമെന്ന് ഡൽഹി പൊലീസ്. ലഖ്‌നൗ ആസ്ഥാനമായുള്ള വനിതാ ഡോക്ടർക്ക് ജെയ്‌ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല നൽകിയിരുന്നുവെന്നാണ് ഡൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ജെയ്‌ഷെ ഇഎം സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജെയ്‌ഷെ ഇഎമ്മിൻ്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൾ മൊമിനാത്തിൻ്റെ ഇന്ത്യൻ ബ്രാഞ്ചിൻ്റെ ചുമതലയാണ് ഡോ. ഷഹീൻ ഷാഹിദിന് കൈമാറിയിരുന്നത്. ജെയ്‌ഷെ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനങ്ങളും ഫണ്ട് ശേഖരണവും ഈ സംഘടന തുടങ്ങിയിരുന്നതായാണ് റിപ്പോർട്ടുകൾ.
ലഖ്‌നൗവിലെ ലാൽ ബാഗ് നിവാസിയായ ഷഹീൻ ഷാഹിദ് ഫരീദാബാദിൽ സ്ഫോടന വസ്തുക്കൾ കണ്ടെടുത്തതുമായ ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. ഇവരുടെ കാറിൽ നിന്നും ഒരു അസോൾട്ട് റൈഫിളും പൊലീസ് കണ്ടെടുത്തിരുന്നു.
ഫരീദാബാദിലെ രണ്ട് വാടക മുറികളിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിനെത്തുടർന്ന് അറസ്റ്റിലായ മുസമ്മിൽ ഗനായുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അസോൾട്ട് റൈഫിൾ, പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിച്ച കാർ ഷഹീൻ ഷാഹിദിൻ്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവരുടെ അറസ്റ്റ്.
അറസ്റ്റിലായ മുസമ്മിൽ, റാത്തർ എന്നിവരെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഫരീദാബാദിൽ നടത്തിയ പരിശോധനയിലാണ് 350 കിലോ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. ഇതിന് പിന്നാലെയായിരുന്നു ചെങ്കോട്ടയ്ക്ക് അടുത്ത് ചാവേർ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.