NATIONAL

ഡല്‍ഹിയുടെ സുരക്ഷയിലുള്ള അവഗണന ഇനിയും അംഗീകരിക്കാനാവില്ല; സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്‌രിവാള്‍

സ്ഫോടനത്തിന് പിന്നില്‍ എന്തെങ്കിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ വന്‍ സ്‌ഫോടനത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയുടെ സുരക്ഷയുടെ കാര്യത്തില്‍ തുടരുന്ന അവഗണന ഇനിയും അംഗീകരിക്കാനാവില്ലെന്നും സ്‌ഫോടനത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് ഉടന്‍ അന്വേഷിക്കണമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം അങ്ങേയറ്റം ആശങ്കാജനകമാണ്. കുറച്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നുമുള്ള വിവരങ്ങള്‍ അറിയുന്നത് അത്യധികം ദുരന്തപൂര്‍ണമാണ്. പൊലീസും സര്‍ക്കാരും ഉടന്‍ അന്വേഷിച്ച് എങ്ങനെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് കണ്ടെത്തണം. ഇതിന് പിന്നില്‍ എന്തെങ്കിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. ഡല്‍ഹിയുടെ സുരക്ഷയുടെ കാര്യത്തില്‍ തുടരുന്ന അവഗണന ഇനിയും അംഗീകരിക്കാനാവില്ല,' കെജ്‌രിവാള്‍ പറഞ്ഞു.

ചെങ്കോട്ടയ്ക്കടുത്തുള്ള മെട്രോ സ്റ്റേഷന് സമീപമാണ് വന്‍ സ്‌ഫോടനം നടന്നത്. ലാല്‍കില മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 24 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കനത്ത ജാഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സാവധാനം നീങ്ങിക്കൊണ്ടിരുന്ന വാഹനമാണ് സിഗ്നലില്‍ നില്‍ക്കവെ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. അതേസമയം തീവ്രവാദി ആക്രമണമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

SCROLL FOR NEXT