ഡൽഹി: ചെങ്കോട്ടയ്ക്കടുത്തുള്ള മെട്രോ സ്റ്റേഷന് സമീപം വൻ സ്ഫോടനം. മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപം നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങൾക്ക് തീപിടിച്ചു. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 12 പേർ ഗുരുതരാവസ്ഥയിലാണ്.
വൈകീട്ട് 6:55 ഓടെയാണ് സ്ഫോടനമുണ്ടായത്. പൊട്ടി തെറിച്ചത് മാരുതി ഇക്കോ വാനാണെന്നാണ് സൂചന. വലിയ ജനസാന്ദ്രതയുള്ള പ്രദേശത്തായിരുന്നു സംഭവം. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധിച്ചുവരികയാണ്. തീ നിയന്ത്രണവിധേയമായെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ 14 പേരെ നായക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻഎസ്‌ജി ബോബ് സ്‌ക്വാഡ് സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ട്. ഐടിഒ റെഡ് ഫോർട്ട് റോഡിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.
സ്ഫോടനത്തിന് പിന്നാലെ കേരളത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ , ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിൽ കർശന പരിശോധന നടത്താൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദേശം നൽകി. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും നിർദേശമുണ്ട്. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണമെന്നും ഡിജിപി വ്യക്തമാക്കി.