NATIONAL

"എന്നെ കോണ്‍ഗ്രസ് പ്രസിഡന്റായി തീരുമാനിച്ചെങ്കില്‍ ഞാന്‍ അത് നിരസിക്കുമായിരുന്നോ?"; വിവാദത്തിന് തിരികൊളുത്തി അശോക് ഗെഹ്‌ലോട്ട്

തന്നെ പിന്തുണയ്ക്കുന്നവര്‍ വിമത ശബ്ദം ഉയര്‍ത്തിയത് ഹൈക്കമാന്‍ഡിനെതിരെ ആയിരുന്നില്ലെന്നും സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ ആയിരുന്നെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: 2022ലെ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവാദത്തിന് തിരികൊളുത്തി രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. 2022ല്‍ കോണ്‍ഗ്രസ് പ്രസിഡന്റാവാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അതിന് തടയിട്ടത് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവര്‍ വിമത ശബ്ദം ഉയര്‍ത്തിയത് ഹൈക്കമാന്‍ഡിനെതിരെ ആയിരുന്നില്ലെന്നും സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ ആയിരുന്നെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കുന്നതിനായി 2022 സെപ്തംബര്‍ 25ന് വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി മീറ്റിങ്ങ് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഗെഹ്‌ലോട്ടിന്റെ പരാമര്‍ശം.

'മഹാത്മാ ഗാന്ധിയും നെഹ്‌റുവും മോത്തിലാല്‍ നെഹ്‌റുവും കോണ്‍ഗ്രസ് പ്രസിഡന്റുമാരായി ഇരുന്നിട്ടില്ലേ... ആരാണ് അവാത്തത്, സര്‍ദാര്‍ പട്ടേല്‍ വരെ ആയില്ലേ... സോണിയ ഗാന്ധിയും കോണ്‍ഗ്രസും എന്നെ കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിച്ചിരുന്നെങ്കില്‍ ഞാന്‍ അത് നിരസിക്കുമായിരുന്നോ?,' ഗെഹ്‌ലോട്ട് പറഞ്ഞു.

താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതില്‍ ചില വ്യാഖ്യാനങ്ങള്‍ ഉണ്ടായെന്നും അതാണ് തനിക്ക് ആ സ്ഥാനം നിഷേധിക്കുന്നതിന് കാരണമായതെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

'ആ സാഹചര്യം ഉണ്ടാക്കിയെടുത്തതായിരുന്നു. അത് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് കരുതുന്നത്. നിരീക്ഷകര്‍ എത്തിയത് പെട്ടെന്നാണ്. പിന്നാലെ എന്നെ താഴ്ത്തി,' ഗെഹ്‌ലോട്ട് പറഞ്ഞു.

ആളുകള്‍ വിചാരിച്ചത് അശോക് ഗെഹ്‌ലോട്ടിന് മുഖ്യമന്ത്രിയായാല്‍ മതി, കോണ്‍ഗ്രസ് പ്രസിഡന്റ് ആകേണ്ടെന്നാണ്. അതിനനുസരിച്ചുള്ള കഥകളാണ് ഉണ്ടായത്. എന്നാല്‍ നേരെ തിരിച്ചായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

'എന്നോട് അടുപ്പമുള്ളവര്‍ പോലും കരുതിയത് അശോക് ഗെഹ് ലോട്ടിന് മുഖ്യമന്ത്രിയായാല്‍ മതിയെന്നാണ്. ഇതൊക്കെ എങ്ങനെയാണ് അവരെ പറഞ്ഞ് മനസിലാക്കുക. ഞാന്‍ നിങ്ങളോട് വിശദീകരിക്കുകയാണ്,' ഗെഹ്‌ലോട്ട് പറഞ്ഞു.

തന്റെ അനുയായികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്ന തരത്തില്‍ സച്ചിന്‍ പൈലറ്റ് ക്യാംപാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

SCROLL FOR NEXT