ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം ആവർത്തിച്ച് കോക്രോച്ച് ജനതാ പാർട്ടി. മന്ത്രി ശനിയാഴ്ചയ്ക്കകം രാജിവയ്ക്കണമെന്നും, അല്ലാത്ത പക്ഷം പ്രധാന നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാർട്ടി സ്ഥാപക നേതാവ് അഭിജീത് ദീപ്കെ അറിയിച്ചു. ഡൽഹിയിലെ അടുത്ത പ്രതിഷേധത്തിന് മുമ്പ് സിജെപി രാജ്യത്തുടനീളം അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷകളിലെയും റിക്രൂട്ട്‌മെൻ്റ് ടെസ്റ്റുകളിലേയും ക്രമക്കേടുകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം സിജെപി ശക്തമാക്കിയത്. ജന്തർമന്ദറിൽ നടന്ന പ്രതിഷേധം ഒരു 'ട്രെയിലർ' മാത്രമാണെന്നും യുവാക്കൾ ഒന്നിച്ചാൽ എന്താണ് സംഭവിക്കുക എന്ന് സർക്കാരിന് കാണിച്ചുകൊടുത്തതായും അഭിജീത് ദീപ്കെ എക്‌സിൽ കുറിച്ചിരുന്നു.
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്. കോക്രോച്ചിൻ്റെ മുഖം മൂടി ധരിച്ചും, കോക്രോച്ച് ടീ ഷർട്ട് അണിഞ്ഞും, അംബേദ്‌കർ ചിത്രം കയ്യിലേന്തിയും, പുസ്തകങ്ങളും പൂക്കളും പ്ലക്കാർഡും ഉയർത്തിയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിൽ നിരന്തരം ആവർത്തിക്കുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും സമരത്തെ അഭിസംബോധന ചെയ്തു അഭിജീത് ദിപ്കെ വ്യക്തമാക്കിയിരുന്നു.