Assam Chief Minister Himanta Biswa Sarma Source: File Image
NATIONAL

"ഹിന്ദു ദമ്പതികൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണം"; വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താൻ മുസ്ലീങ്ങളോട് ഉപദേശിക്കണമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ദിസ്പൂർ: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.അസമിലെ ഹിന്ദു ദമ്പതികൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നായിരുന്നു ഹിമന്തയുടെ പുതിയ പ്രസ്താവന. മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ന്യൂനപക്ഷങ്ങളിലെ ജനന നിരക്ക് കൂടുമ്പോൾ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ജനന നിരക്ക് കുറയുന്നതായി ഹിമന്ത പറഞ്ഞു. അതിനാൽ ഹിന്ദു കുടുംബങ്ങൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും ഹിമന്ത കൂട്ടിച്ചേർത്തു.

അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മുസ്ലീങ്ങൾക്കിടയിലെ ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്കിനെ നേരിടാൻ ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സൂചിപ്പിച്ചായിരുന്നു ഹിമന്തയുടെ പ്രസ്താവന. ഹിന്ദുക്കൾക്കിടയിലെ ജനനനിരക്ക് കുറയുന്നുണ്ടെന്നും ചില പ്രദേശങ്ങളിൽ മുസ്ലീങ്ങളുടെ ജനനനിരക്ക് ഉയർന്ന നിലയിലാണെന്നും ഹിമന്ത പറഞ്ഞു.

"ന്യൂനപക്ഷ മേഖലകളിൽ അവരുടെ ജനനനിരക്ക് കൂടുതലാണ്. ഹിന്ദുക്കൾക്കിടയിലെ ജനനനിരക്ക് ദിനംപ്രതി കുറയുന്നു. അവിടെയാണ് വ്യത്യാസം,"ഹിന്ദുക്കൾ ഒരു കുട്ടിയിൽ ഒതുങ്ങരുതെന്നും കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും, "സാധ്യമെങ്കിൽ" മൂന്ന് കുട്ടികളും ലക്ഷ്യം വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അല്ലെങ്കിൽ, വീട് നോക്കാൻ ആളുകൾ അവശേഷിച്ചേക്കില്ല," എന്നായിരുന്നു ഹിമന്തയുടെ വാക്കുകൾ.

ബാർപേട്ട ജില്ലയിലെ ഒരു ഔദ്യോഗിക പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി. അസമിൻ്റെ ചില ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഈ പരാമർശങ്ങൾ കടന്നുവന്നത്. അതേസമയം, കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താൻ മുസ്ലീങ്ങളോട് ഉപദേശിക്കണമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. "ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുതെന്ന് ഞങ്ങൾ മുസ്ലീം ജനങ്ങളോടും പറയുന്നു,ഹിമന്ത പറഞ്ഞു.

SCROLL FOR NEXT