ഗുവാഹത്തി: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതിന് അസം സിവിൽ സർവീസ് ഉദ്യോഗസ്ഥയെ പൊലീസ് അറസ്റ്റ് ചെയ്തു. സിവിൽ സർവീസ് ഓഫീസർ നൂപുർ ബോറയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ് വർഷം ഗവൺമെൻ്റ് സേവനമനുഷ്ഠിച്ച നൂപുർ ബോറയ്ക്ക് അവരുടെ ഔദ്യോഗിക ശമ്പളത്തിനെക്കാളും സ്വത്തും പണവും സ്വർണവും സമ്പാദിച്ചതായി ആരോപണം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ നടത്തിയ റെയ്‌ഡിലാണ് ഉദ്യോഗസ്ഥർ പണവും സ്വർണവും കണ്ടെത്തിയത്. ബാർപേട്ടയിലെ അവരുടെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.
2019-ൽ അസം സിവിൽ സർവീസിൽ ചേർന്ന നൂപുർ ബോറ നിലവിൽ കാംരൂപ് ജില്ലയിലെ ഗൊറോയിമാരിയിൽ സർക്കിൾ ഓഫീസറായാണ് പ്രവർത്തിക്കുന്നത്. ബാർപേട്ടയിലെ റവന്യൂ സർക്കിൾ ഓഫീസറും, അവരുടെ സഹായിയെന്ന് ആരോപിക്കപ്പെടുന്ന ലാത് മണ്ഡൽ സുരജിത് ദേകയുടെ വസതിയിലും പ്രത്യേക വിജിലൻസ് സെൽ റെയ്ഡ് നടത്തി. ഇയാൾ നൂപുർ ബോറയുമായി സഹകരിച്ച് നിരവധി ഭൂമി സ്വത്തുക്കൾ സ്വന്തമാക്കിയെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് റെയ്‌ഡ് നടത്തിയത്.