Source: X
NATIONAL

"അവരെ ഉപദ്രവിക്കുക എന്നതാണ് എന്റെ കർത്തവ്യം"; വീണ്ടും വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി

"നിങ്ങള്‍ അവരെ ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ നിങ്ങളുടെ വീടുകളില്‍ ലവ് ജിഹാദ് ഉണ്ടാകും. അതിനാല്‍ നിങ്ങള്‍ അവരെ പ്രതിസന്ധിയിലാക്കണം"

Author : ന്യൂസ് ഡെസ്ക്

ഗുവാഹത്തി: വീണ്ടും വിവാദ പരാമർശവുമായി ചർച്ചയിൽ ഇടം പിടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ. തന്റെ കർത്തവ്യം മിയ മുസ്ലീങ്ങളെ ഉപദ്രവിക്കുക എന്നതാണെന്നും, സംസ്ഥാനത്ത് എസ്എഐആർ നടപ്പാക്കുമ്പോൾ നാല് ലക്ഷത്തോളം മിയ മുസ്ലീം വിഭാഗക്കാരുടെ വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നും ഹിമന്ത് ബിശ്വ ശർമ പറഞ്ഞു. അവരെ വോട്ട് ചെയ്യാൻ അനുവദിക്കാത്ത തരത്തിലുള്ള നടപടികളാണ് സ്വീകരിക്കുക. ഇത് പ്രാഥമിക നടപടികൾ മാത്രമാണെന്നും അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

"ഇപ്പോൾ ജാഗ്രത കാണിച്ചില്ലെങ്കിൽ പിനെന എപ്പോഴാണ്? കോണ്‍ഗ്രസ് എന്നെ അധിക്ഷേപിച്ചോട്ടെ. പക്ഷെ എന്റെ കര്‍ത്തവ്യം മിയ മുസ്ലീങ്ങളെ ഉപദ്രവിക്കലാണ്. കുറച്ചുദിവസം മുന്‍പ് ടിന്‍സുകിയയിലെ ഭൂമി ഇടപാടുകളുടെ ഒരു ലിസ്റ്റ് എനിക്ക് ലഭിച്ചു. ഹിന്ദുക്കളെല്ലാം ഭൂമി വില്‍ക്കുകയാണ്. മിയ മുസ്ലീങ്ങളാണ് അവ വാങ്ങുന്നത്. ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ മാത്രമേ അവര്‍ അസം വിടൂ. കഷ്ടപ്പെട്ടില്ലെങ്കില്‍ ദുലിയജാനിലേക്കും ടിന്‍സുകിയയിലേക്കും വരും. അവര്‍ക്കെതിരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്. നിങ്ങള്‍ അവരെ ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ നിങ്ങളുടെ വീടുകളില്‍ ലവ് ജിഹാദ് ഉണ്ടാകും. അതിനാല്‍ നിങ്ങള്‍ അവരെ പ്രതിസന്ധിയിലാക്കണം" ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ബംഗ്ലാദേശിൽ നിന്നുള്ള അഭയാർഥികളുടെ വരവ് അസമിൽ ഏറെക്കാലമായി രാഷ്ട്രീയ ചർച്ചയാകുന്ന വിഷയമാണ്. അനധികൃത കുടിയേറ്റക്കാർക്ക് മുന്നിൽ കീഴടങ്ങുന്ന ഒരു സർക്കാരാണോ അതോ സംസ്ഥാനത്തിന്റെ സ്വത്വവും സംസ്കാരവും സംരക്ഷിക്കുന്ന ഒരു സർക്കാരാണോ വേണ്ടതെന്ന് വരുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാർ തീരുമാനിക്കണമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഏതാനും മാസങ്ങൾ മുമ്പാണ് ഈ വിവാദ പരാമർശം എന്നതും ശ്രദ്ധേയമാണ്. 2021 മുതൽ സംസ്ഥാന മുഖ്യമന്ത്രിയായി തുടരുന്ന ശർമ്മ ഇപ്പോൾ രണ്ടാം തവണയും ബിജെപിയുടെ വലിയ വിജയം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.

SCROLL FOR NEXT