ഗുവാഹത്തി: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധത്തിൽ പങ്കാളിയായി അസം മന്ത്രിയുടെ മകളും. സിജെപി സമരത്തിന് പിന്തുണ അറിയിച്ച് ഗുവാഹത്തിയിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് ബിജെപി മന്ത്രിയുടെ മകൾ പങ്കെടുത്തത്.
ബിജെപി നേതാവും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായ കേശബ് മഹന്തയുടെ മകൾ ഡിബിസ മഹന്തയാണ് പ്രതിഷേധിച്ചത്. ഗുവാഹത്തിയിൽ നടന്ന പ്രതിഷേധത്തിൽ ഡിബിസ പങ്കെടുക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം നിരവധി യുവാക്കളാണ് സിജെപി സമരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്. ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം അങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാൻ്റെ രാജി എന്ന ആവശ്യം അംഗീകരിച്ചില്ല. ഇതിൽ ഇന്ന് ഉച്ചയ്ക്ക് വീണ്ടും ചർച്ച നടക്കും.