രാജ്യത്തെ നടുക്കി ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഇന്ന് ഉണ്ടായ, വന്‍ മേഘവിസ്ഫോടനത്തിലും ഉരുൾപൊട്ടലിലും മരണ സംഖ്യ ഉയരുന്നു. ഏറ്റവുമൊടുവിൽ പ്രാദേശിക മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് കിഷ്ത്വാറിലെ മരണം 32 കടന്നു. 54 പേരെ കാണാതായിട്ടുണ്ട്.
കിഷ്ത്വാറിന് സമീപമുള്ള ചഷോത്തിയിലാണ് ഞെട്ടിക്കുന്ന പ്രകൃതി ദുരന്തം ഉണ്ടായത്. ഇതുവരെ 20 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്തെ നിരവധി വീടുകളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയിട്ടുണ്ടെന്നാണ് മനസിലാകുന്നത്.
കിഷ്ത്വാറിലെ മാതാ ചണ്ഡി ക്ഷേത്രത്തിലേക്ക് തീർഥാടനം നടത്തുന്നവരും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി സിവിൽ, പൊലീസ്, സൈന്യം, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങിയിട്ടുണ്ട്.