
ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ പൂജാ പാല്‍. ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദിത്യനാഥ് നീതി നടപ്പാക്കിയെന്നാണ് പൂജാ പാലിന്റെ പ്രസ്താവന.
ഉത്തര്‍പ്രദേശ് നിയമസഭയില്‍ 'വിഷന്‍ ഡോക്യുമെന്റ് 2047'- ന്മേലുള്ള 24 മണിക്കൂര്‍ മാരത്തോണ്‍ ചര്‍ച്ചയിലാണ് പൂജ പാല്‍ യോഗി ആദിത്യനാഥിനെ പുകഴ്ത്തി രംഗത്തെത്തിയത്.
"എല്ലാവര്‍ക്കും അറിയാം എന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ആരാണെന്ന്. എനിക്ക് നീതി നടപ്പാക്കിയതിലും ആരും കേള്‍ക്കാതിരുന്നപ്പോഴും എന്നെ കേള്‍ക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് നന്ദി പറയുന്നു," പൂജ പറഞ്ഞു.
തന്നെ പോലെ പല സ്ത്രീകള്‍ക്കും മുഖ്യമന്ത്രി നീതി നടപ്പാക്കി. യോഗിയുടെ കുറ്റകൃത്യത്തോട് സന്ധിയില്ലാത്ത നിലപാടിനെയും താന്‍ അഭിനന്ദിക്കുന്നുവെന്നും പൂജ പാല്‍ പറഞ്ഞു.
"എന്റെ ഭര്‍ത്താവിന്റെ ഘാതകന്‍ ആതിഖ് അഹമ്മദിന് മുഖ്യമന്ത്രി ശവസംസ്‌കാരം നടത്തി. ആതിഖ് അഹമ്മദിനെ പോലെയുള്ള കുറ്റവാളികള്‍ക്കെതിരെ ഒരാളും പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ എന്റെ ശബ്ദം ഉയര്‍ത്തി. എന്നാല്‍ ഈ പോരാട്ടത്തില്‍ ഞാന്‍ തളര്‍ന്നു തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി എനിക്ക് നീതി നടപ്പാക്കി," സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ കൂട്ടിച്ചേർത്തു.
2005ലാണ് പൂജാ പാലിന്റെ ഭര്‍ത്താവും ബിഎസ്‌പി എംഎല്‍എയുമായിരുന്ന രാജു പാലിനെ ഗ്യാങ്ങസ്റ്റര്‍ ആതിഖ് അഹമ്മദിന്റെ സംഘം വെടിവെച്ചു കൊലപ്പെടുത്തുന്നത്. പൂജയുമായുള്ള വിവാഹം കഴിഞ്ഞിട്ട് അധികം ദിവസങ്ങളായിട്ടുണ്ടായിരുന്നില്ല.
2004ൽ പ്രയാഗ്‌രാജ് വെസ്റ്റ് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആതിഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്‌റഫിനെ രാജു പരാജയപ്പെടുത്തിയതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 2023ല്‍ കേസിലെ പ്രധാന ദൃക്സാക്ഷിയും കൊല്ലപ്പെട്ടു. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, അറസ്റ്റിലായ ആതിഖിനെയും അഷ്‌റഫിനെയും പ്രയാഗ്‌രാജിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോൾ മൂന്ന് പേർ വെടിവച്ചു കൊലപ്പെടുത്തി. ആതിഖിന്റെ തലയ്ക്ക് പിന്നിൽ നിന്ന്, ഏതാണ്ട് പോയിന്റ്-ബ്ലാങ്ക് റേഞ്ചിലാണ് വെടിയേറ്റത്. ആതിഖിന്റെ മകന്‍ ഝാന്‍സിയിലുണ്ടായ ഒരു എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ സംഭവം.
അതേസമയം, യോഗി ആദിത്യനാഥിനെ പുകഴ്ത്തിയതിന് പിന്നാലെ പൂജാ പാലിനെ സമാജ്‍വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടിയന്തരമായി പാർട്ടിയില്‍ നിന്ന് നീക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ഗുരുതരമായ അച്ചടക്കരാഹിത്യവും ചൂണ്ടിക്കാട്ടിയാണ് പൂജയെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.