പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നതിനെ അപലപിച്ച് ഇന്ത്യ. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മേഖലയിലെ ആക്രമണങ്ങളെ അപലപിച്ചത്.
കപ്പൽപാത സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി അന്താരാഷ്ട്ര കപ്പൽ പാതകൾ സജീവമാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായതായും എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷ പങ്കുവെച്ച പ്രധാനമന്ത്രി ഈദ് ആശംസകളും അറിയിച്ചു.
അതേസമയം, ഇറാനെതിരായ സൈനിക നടപടിയിൽ നിന്നും അമേരിക്ക പിന്മാറുന്നുവെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. ഇറാനിൽ നിന്നുള്ള ആണവായുധ ഭീഷണി ഒഴിവാക്കാൻ വേണ്ട സൈനിക നടപടികൾ വിജയകരമായിരുന്നു എന്നും യുദ്ധം ലക്ഷ്യത്തിലേക്ക് അടുത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.ഹോർമുസ് കടലിടുക്ക് യുഎസ് നേരിട്ട് സംരക്ഷിക്കില്ലെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ സ്വന്തം നിലയ്ക്ക് സംരക്ഷണം ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ യുഎസ് പിന്തുണ മാത്രം നൽകാമെന്നും കൂട്ടിച്ചേർത്തു.