NATIONAL

20 കൊല്ലത്തേക്ക് തിരിഞ്ഞു നോക്കേണ്ട; ബിജെപിയുടെ ആധിപത്യം ഇനിയും തുടരും: ആക്‌സിസ് മൈ ഇന്ത്യ സ്ഥാപകന്‍

കോണ്‍ഗ്രസിന്റെ ഭരണകാലത്തെ ഉദാഹരണമാക്കിയാണ് പ്രദീപ് ഗുപ്ത ഇരുപത് വര്‍ഷത്തെ പരിധി വിശദീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ ആധിപത്യം അടുത്ത കാലത്തൊന്നും കുറയില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ സ്ഥാപകനും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രദീപ് ഗുപ്ത. ഭരണപ്രകടനത്തില്‍ ഇടിവ് സംഭവിക്കാത്തിടത്തോളം കാലം ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ സ്ഥാപകന്റെ വിലയിരുത്തല്‍.

ഒരു കാലത്ത് കോണ്‍ഗ്രസിനുണ്ടായിരുന്ന സമഗ്രാധിപത്യത്തിനു തുല്യമായി രാജ്യം വീണ്ടുമൊരു ഏകകക്ഷി ആധിപത്യത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രദീപ് ഗുപ്തയുടെ പ്രവചനം. 2014 ല്‍ ആരംഭിച്ച ബിജെപിയുടെ ആധിപത്യം, നിലവിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി ഇരുപത് കൊല്ലം തുടരുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രദീപ് ഗുപ്ത പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്തെ ഉദാഹരണമാക്കിയാണ് പ്രദീപ് ഗുപ്ത ഇരുപത് വര്‍ഷത്തെ പരിധി വിശദീകരിച്ചത്.

പ്രദീപ് ഗുപ്തയുടെ വാക്കുകള്‍ ഇങ്ങനെ,

1977 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നത്. അതിനു ശേഷമാണ് പാര്‍ട്ടി വെല്ലുവിളികള്‍ നേരിട്ടു തുടങ്ങിയത്. അക്കാലത്ത്, ഏകദേശം 20 വര്‍ഷം നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ തലമുറയെക്കുറിച്ച് നമ്മള്‍ സംസാരിക്കാറുണ്ടായിരുന്നു. ആ ഇരുപത് വര്‍ഷചക്രം ഇന്നും നിലനില്‍ക്കുന്നുണ്ട്. ബിജെപിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇനിയുള്ള സമയം നിര്‍ണായകമാണ് എന്നും പ്രദീപ് ഗുപ്ത പറയുന്നു. ഈ സമയത്തുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രാഷ്ടീയ പാര്‍ട്ടികളുടെ ഭാവി. അതിനാല്‍ ബിജെപി ഇതുവരെ പ്രവര്‍ത്തിച്ചതിനേക്കാള്‍ കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

ഒരു പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ നല്‍കുന്ന സമയവും അവര്‍ക്ക് നല്‍കുന്ന ഇളവുകളും മെല്ലെ മെല്ലെ ഇല്ലാതാകും. മൂന്നാം തവണയും ജനങ്ങള്‍ ബിജെപിയെ തെരഞ്ഞെടുത്ത സ്ഥിതിക്ക് സാധാരണ നിലയിലുള്ള ഭരണം ഇനി ജനങ്ങളെ തൃപ്തിപ്പെടുത്തില്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ ആയതിനാല്‍ ബിജെപിക്ക് ഇനി അസധാരണമാം വിധം മികച്ച പ്രകടനം നടത്തേണ്ടി വരും.

തുടര്‍ച്ചയായി, പത്തും പതിനഞ്ചും വര്‍ഷം ഭരണം പിന്നിടുമ്പോള്‍, സ്വാഭാവികമായും ഭരണവിരുദ്ധ വികാരവും ശക്തമായിരിക്കും. അതിനെ മറികടന്ന് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെങ്കില്‍, വികസന കാര്യത്തിലും ഭരണത്തിലും സൂപ്പര്‍ പെര്‍ഫോമന്‍സ് അത്യാവശ്യമാണ്.

ബിജെപിയുടെ പ്രകടനം തന്നെയാണ് പ്രതിപക്ഷത്തിന്റെ ഭാവിയും നിര്‍ണയിക്കുന്നത്. സര്‍ക്കാര്‍ പരാജയപ്പെടുകയോ ജനങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ഭരണം നടത്താതിരിക്കുകയോ ചെയ്താല്‍ മാത്രമേ പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ഇടം ലഭിക്കുകയുള്ളൂ.

പണ്ട് കോണ്‍ഗ്രസിനും ഈ സൂപ്പര്‍ പെര്‍ഫോമന്‍സ് നടത്തേണ്ടി വന്നിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നപ്പോഴാണ് പ്രതിപക്ഷത്തിന് ജനങ്ങള്‍ അവസരം നല്‍കിയത്. അതുപോലെ, നിലവിലെ ബിജെപി സര്‍ക്കാരിന്റെ പ്രകടന മികവ് കുറയുന്ന നിമിഷം ജനങ്ങള്‍ ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങുമെന്നും പ്രദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

വലിയ ഉയരങ്ങളിലെത്തുമ്പോള്‍, പിന്നീട് താഴേക്ക് വരാനുള്ള പ്രവണതയുമുണ്ടെന്നും ബിജെപിയില്‍ നിന്നുള്ള പ്രതീക്ഷകള്‍ ഉയരുന്ന ഘട്ടത്തിലെത്തിയതായും അദ്ദേഹം ഓര്‍മിപ്പിച്ചു.

തെരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്നത് എന്ത്?

ഒരൊറ്റ ഘടകവും തെരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്നില്ലെന്നാണ് പ്രദീപ് ഗുപ്ത പറയുന്നത്. ഹിന്ദു-മുസ്ലീം പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ തീരുമാനിക്കുന്നില്ല. ബിജെപിയുടെ വിജയത്തെ ഹിന്ദു വോട്ട് ഏകീകരണമായാണ് വിലയിരുത്തുന്നതെങ്കില്‍, ആ സംസ്ഥാനങ്ങളിലെ വികസനവും സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങളേയും ചെറുതാക്കി കാണുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളില്‍ സംഭവിച്ചത്

മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തുടര്‍ച്ചയായ ഭരണം ജനങ്ങളില്‍ ഭയം ഉണ്ടാക്കിയെന്നാണ് ഗുപ്തയുടെ വിലയിരുത്തല്‍. ഇത് ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേയിലും വ്യക്തമായിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം നടത്തിയ സര്‍വേയില്‍, നിരവധി പേര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇത് ജനങ്ങള്‍ മാറി ചിന്തിക്കുന്നുണ്ട് എന്നതിന്റെ സൂചനയായിരുന്നു.

തമിഴ്‌നാട്ടിലെ പ്രവചനം

ഊഹാപോഹങ്ങള്‍ക്കപ്പുറം അടിത്തട്ടിലുള്ള നിരന്തര പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്, തമിഴ്നാട്, അസം, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കാന്‍ സാധിച്ചത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് യുടെ സ്വാധീനം താഴെത്തട്ടില്‍ ശക്തമായി വളരുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ്, ടിവികെയുടെ വോട്ട് ഷെയര്‍ ഏകദേശം 25 ശതമാനമായിരുന്നു. മൂന്ന് മാസം മുമ്പ് അത് 28 ശതമാനമായി ഉയര്‍ന്നു. ഒരു മാസം മുമ്പ് 30 ശതമാനമായി. തെരഞ്ഞെടുപ്പ് ദിവസം 35 ശതമാനമായി. ഇത് കൃത്യമായ വളര്‍ച്ചയായിരുന്നു. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പുറത്ത് ബദലുകള്‍ തേടുന്ന യുവവോട്ടര്‍മാര്‍ക്കിടയില്‍ വിജയുടെ ജനപ്രീതി വലിയ രീതിയില്‍ സ്വാധീനിച്ചുവെന്നും ഗുപ്ത വിലയിരുത്തുന്നു.

SCROLL FOR NEXT