പട്ന: ബിഹാറിലെ ബങ്കിപുർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജന സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് മുന്നേറ്റം. വോട്ടെണ്ണലിൻ്റെ നാലാം റൗണ്ട് പിന്നിട്ടപ്പോൾ, പ്രശാന്ത് കിഷോർ 6,269 വോട്ടുകൾ നേടി മുന്നിലാണ്. ബിജെപിയുടെ നീരജ് കുമാർ സിൻഹ തൊട്ടുപിന്നിലുണ്ട്.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ആയതിനാൽ തന്നെ ഈ തെരഞ്ഞെടുപ്പ് ബിജെപി ഏറെ നിർണായകമാണ്. ഈ തെരഞ്ഞെടുപ്പിൽ യുവാക്കളുടെ നിലപാട് നിർണായകമാണ്.
ബിജെപിയുടെ ഉറച്ച കോട്ടയായാണ് ബങ്കിപുർ മണ്ഡലം അറിയപ്പെടുന്നത്. ഇതുവരെ ഒരു ബിജെപി സ്ഥാനാർഥിയും ഇവിടെ നിന്ന് പരാജയപ്പെട്ടിട്ടില്ല. ബിജെപി നേതാവ് നിതിൻ നബിൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണിത്. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച് ഈ മണ്ഡലത്തിലെ ജയം ജീവൻമരണ പോരാട്ടമാണ്.
നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതേസമയം മഞ്ജൽപൂരിൽ ബിജെപി ലീഡ് ചെയ്യുകയാണെന്നാണ് വിവരം. ദാതിയയിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്.