NATIONAL

ബെംഗളൂരുവില്‍ കൂട്ടക്കൊലപാതകം, ഭാര്യയെയും ഭാര്യ വീട്ടുകാരെയുമുൾപ്പെടെ ഏഴ് പേരെ കൊലപ്പെടുത്തി; മൃതദേഹം പലയിടങ്ങളില്‍ ഉപേക്ഷിച്ചു

ഏഴ് വയസുകാരന്റെ മൃതദേഹം ബെംഗളൂരുവിലെ നന്ദി ഹില്‍സിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ഭാര്യയെയും ഭാര്യയുടെ രക്ഷിതാക്കളെയുമടക്കം ഏഴ് പേരെ കൊലപ്പെടുത്തി കാബ് ഡ്രൈവര്‍. ഭാര്യ നിരന്തരം തന്റെ രക്ഷിതാക്കളുമായും മറ്റും അടുപ്പം പുലര്‍ത്തിയതിലുള്ള വിരോധത്തിലാണ് ഏഴ് വയസുള്ള കുട്ടിയെ അടക്കം ഇയാള്‍ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.

ഏഴ് വയസുകാരന്റെ മൃതദേഹം ബെംഗളൂരുവിലെ നന്ദി ഹില്‍സിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മറ്റ് ആറ് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കാബ് ഡ്രൈവര്‍ ഇന്ദുശേഖര്‍ കുറ്റസമ്മതം നടത്തി. ഭാര്യ സുനിത, അമ്മ രൂപവതി, രണ്ട് സഹോദരങ്ങളായ ശിവകുമാര്‍, ശങ്കര്‍ ഭാര്യമാരായ ദിവ്യ, നളിനി, സഹോദരന്റെ മകനായ ഏഴുവയസുകാരന്‍ പുനീത് എന്നിവരെയാണ് കൊലപ്പെടുത്തിയത്.

പ്രാഥമിക പൊലീസ് അന്വേഷത്തില്‍ പൊലീസ് കണ്ടെത്തിയത് പ്രകാരം, ആദ്യം തന്റെ ഭാര്യയെ ഇന്ദുശേഖര്‍ കൊലപ്പെടുത്തി. തുടര്‍ന്ന് പാര്‍ട്ടിയുണ്ടെന്ന് അറിയിച്ച് ഭാര്യയുടെ കുടുംബത്തെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെവച്ച് ഇവരെ എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.

അരക്കല്ല് ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് മൃതദേഹങ്ങള്‍ കാറില്‍ കയറ്റി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു. രക്തക്കറ തുടച്ചു മാറ്റാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുവെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

ശ്രീരാമപുര പൊലീസ് സ്റ്റേഷനില്‍ ആളെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടക്കത്തില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നല്‍കിയത്. നന്ദി ഹില്‍സിന് താഴ്ഭാഗത്ത് നടത്തിയ തെരച്ചലിലാണ് കൊല്ലപ്പെട്ട ശങ്കറിന്റെ ഏഴുവയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

SCROLL FOR NEXT