ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചു കൂടിയ ജനക്കൂട്ടം Source: X/ Roushan Singh
NATIONAL

ചിന്നസ്വാമി ദുരന്തത്തിൽ കടുത്ത നടപടിയുമായി സർക്കാർ; ബെംഗളൂരു പൊലീസ് കമ്മീഷണർ ഉൾപ്പെടെ 4 മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

11 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ പൊലീസിന് മേൽ എല്ലാകുറ്റവും കെട്ടിവച്ച് കൈകഴുകുകയാണ് സിദ്ധരാമയ്യ സർക്കാർ

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു ദുരന്തത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. ബെംഗളൂരു പൊലീസ് കമ്മീഷണർ ഉൾപ്പെടെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണത്തിനും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ആർസിബി ഫ്രാഞ്ചൈസിയുടെ പ്രതിനിധികളെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാനാണ് സർക്കാർ തീരുമാനം.

11 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ പൊലീസിന് മേൽ എല്ലാകുറ്റവും കെട്ടിവച്ച് കൈകഴുകുകയാണ് സിദ്ധരാമയ്യ സർക്കാർ. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷപരിപാടിയും വിക്ടറി പരേഡും നടത്താൻ ചുമതലയുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്താണ് നടപടി. ക്രിക്കറ്റ് സ്റ്റേഡിയം ചുമതലയുണ്ടായിരുന്ന അഡീഷണൽ കമ്മീഷണർ, ബെംഗളൂരു എസിപി, സെൻട്രൽ ഡിസിപി, കബ്ബൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർക്കാണ് സസ്പെൻഷൻ.

ആർസിബിയുടെയും ക്രിക്കറ്റ് അസോസിയേഷൻ്റെയും പ്രതിനിധികളെ അറസ്റ്റ് ചെയ്യാനും സിദ്ധരാമയ്യ ഉത്തരവിട്ടു. ഡിജിപി, ഐജി എന്നിവർക്കാണ് നിർദേശം. നേരത്തെ ആർസിബി ഫ്രാഞ്ചൈസി, കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനമായ ഡിഎൻഎ എൻ്റർടെയ്ൻ്റ്മെൻ്സ് എന്നിവർക്കെതിരെപൊലീസ് കേസെടുത്തിരുന്നു. ദുരന്തത്തിൻ്റെ അന്വേഷണം സിഐഡിക്ക് വിട്ടിട്ടുണ്ട്.

ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യവും സർക്കാർ അംഗീകരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്‌ജി ജോൺ മൈക്കേൽ ഡിക്യൂന വിഷയം അന്വേഷിക്കും. അതേസമയം നേരത്തെ സുരക്ഷാകാരണങ്ങളാൽ വിക്ടറി പരേഡിന് അനുമതി നൽകില്ലെന്ന് പൊലീസ് അറിയിച്ചിട്ടും സമ്മർദം മൂലം അവസാനനിമിഷമാണ് വീണ്ടും അനുമതി നൽകിയത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കർണാടക ഹൈക്കോടതി വിശദമായ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺപത്തിന് കേസ് വീണ്ടും പരിഗണിക്കും.

SCROLL FOR NEXT