
ബെംഗളൂരു നഗരത്തിൽ ബുധനാഴ്ച ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ, ഐപിഎൽ ക്ലബ്ബായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും കർണാടക ക്രിക്കറ്റ് അസോസിയേഷനും സംഘാടകരായ ഡിഎൻഎ എൻ്റർടെയ്ൻമെൻ്റിനുമെതിരെ കേസെടുത്ത് കർണാടക പൊലീസ്.
ബെംഗളൂരു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ്റെ (KSCA) സംഘാടനത്തിൽ ഒരുക്കിയ വിക്ടറി റാലിയുടെ നടത്തിപ്പ് ചുമതല ഡിഎൻഎ എൻ്റർടെയ്ൻമെൻ്റിന് ആയിരുന്നു. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് (സിഐഡി) കൈമാറുന്ന കാര്യം കർണാടക മന്ത്രിസഭ ഉടൻ ചർച്ച ചെയ്തു തീരുമാനിക്കും. ഭാരതീയ ന്യായസംഹിതയിലെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കാരണമാകുന്ന സെക്ഷൻ 105 ഉൾപ്പെടുന്നുണ്ട്.
സംഭവം അന്വേഷിക്കാൻ കർണാടക സർക്കാർ നിയമിച്ച ജില്ലാ മജിസ്‌ട്രേറ്റ് ജി. ജഗദീഷ ഇന്ന് ബന്ധപ്പെട്ടവർക്കെല്ലാം നോടീസ് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച തന്നെ അന്വേഷണം ആരംഭിച്ചെന്നും, കെഎസ്‌സിഎ, ബെംഗളൂരു മെട്രോ, ആർസിബി എന്നിവർക്കെല്ലാം നോട്ടീസ് അയയ്ക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഇന്ന് അറിയിച്ചു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സന്ദർശിച്ച ജില്ലാ മജിസ്ട്രേറ്റ് ജഗദീഷ, വലിയ തിരക്ക് അനുഭവപ്പെട്ട ഗേറ്റുകൾ ഉൾപ്പെടെ പരിശോധിച്ചു.
ചിന്നസ്വാമിയിലെ ദുരന്തത്തിന് പിന്നാലെ കർണാടക സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ് അയച്ചിരുന്നു. ദുരന്തത്തിൻ്റെ സാഹചര്യം വിശദീകരിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. ഇത്തരം ദുരന്തം എങ്ങനെ ഭാവിയിൽ തടയാനാകുമെന്നും സർക്കാർ കോടതിയിൽ വിശദീകരിക്കേണ്ടി വരും.
എന്നാല്‍, ഐപിഎൽ സംഘാടകർക്ക് നോട്ടീസ് നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും കർണാടക ഹൈക്കോടതി അറിയിച്ചു.