പാറ്റ്ന: നിർണായകമായ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഹാർ ജനവിധി എഴുതി. രണ്ടാം ഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 68.76 ശതമാനമാണ് രണ്ടാംഘട്ടത്തിലെ വോട്ടെടുപ്പ് സമയം അവസാനിക്കുമ്പോൾ ബിഹാറിലെ പോളിങ് നില. ഒന്നാം ഘട്ടത്തിലും മികച്ച പോളിങ്ങോടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. 64.46 ശതമാനം രേഖപ്പെടുത്തി ഒന്നാം ഘട്ടത്തിലും ചരിത്ര പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.
121 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.46 ശതമാനമായിരുന്നു പോളിങ്. ബഗുസാരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മേല്‍ക്കൈ ലഭിച്ച മേഖലകളിലായിരുന്നു ഇത്തവണ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. വാശിയേറിയ പ്രചാരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ ബിഹാറിൽ വിധിയെഴുത്ത് പൂർത്തിയായത്. നവംബർ 14ന് ഫലപ്രഖ്യാപനം നടക്കും.
20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായത്. സ്ത്രീ വോട്ടർമാരും മഹാ ദലിതുകളും മുസ്ലിങ്ങളും കൂടുതലുള്ള മേഖലകളാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്. ഇരു ഘട്ടങ്ങളിലും രേഖപ്പെടുത്തിയ കനത്ത വോട്ടിങ്ങിൻ്റെ പ്രതീക്ഷയാണ് നിലവിൽ മുന്നണികൾ വച്ച് പുലർത്തുന്നത്.
1303 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടിയത്. ഇതിൽ 136 പേർ വനിതകളാണ്. ആകെ വിധിയെഴുതുന്ന 3.7 കോടി വോട്ടർമാരിൽ 1.74 കോടി സ്ത്രീകളാണ്. 2020 ൽ ഈ 122 മണ്ഡലങ്ങളിൽ നിന്നായി ബിജെപിക്ക് 42 സീറ്റാണ് ലഭിച്ചത്. ആർജെഡിക്ക് 33 ഉം ജെഡിയുവിന് 20 ഉം കോൺഗ്രസിന് 11 ഉം ഇടതിന് അഞ്ച് സീറ്റും ഈ മേഖലകളിൽ നിന്നായി ലഭിച്ചിരുന്നു.
അതേസമയം, പുറത്തുവന്ന എക്സിറ്റ് പോൾ ഫലപ്രകാരം ബിഹാറിൽ ഭരണം എന്‍ഡിഎ നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്. എൻഡിഎ 130ന് മുകളിൽ സീറ്റുകൾ നേടുമെന്ന് പീപ്പിള്‍സ് ഇന്‍സൈറ്റ്, ദൈനിക് ഭാസ്കര്‍, പള്‍സ് പോള്‍, ടൈംസ് നൗ - ജെവിസി, ന്യൂസ് 18 മെഗാ പോള്‍ എക്സിറ്റ് പോള്‍, മാട്രിസ്-ഐഎഎൻഎസ് എക്സിറ്റ് പോൾ എന്നിവ പ്രവചിക്കുന്നു.