NATIONAL

രണ്ടാം ഘട്ട പത്രികാ സമർപ്പണവും കഴിഞ്ഞു; ബിഹാർ സമ്പൂർണ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് സംസ്ഥാനത്തെത്തും.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: രണ്ടാം ഘട്ട പത്രികാ സമർപ്പണവും കഴിഞ്ഞതോടെ ബിഹാർ സമ്പൂർണ തെരഞ്ഞെടുപ്പ് ചൂടിൽ. സഖ്യകക്ഷികളിൽ അസ്വാരസ്യം പുകയുമ്പോഴും പ്രചാരണം കൊഴുപ്പിച്ചിരിക്കുകയാണ് മുന്നണികൾ. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിൽ ബിജെപിയുടെ താര പ്രചാരകർ ഇറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് സംസ്ഥാനത്തെത്തും. 243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 6നും 11നും നടക്കും.

തെരഞ്ഞെടുപ്പിൽ ആരും സൗഹൃദമത്സരം നടക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രതിപക്ഷമായ മഹാസഖ്യത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ രംഗത്തെത്തി. ഇൻഡ്യ മുന്നണി എൻഡിഎയ്ക്ക് നിരവധി സീറ്റുകളിൽ അനായാസം വിജയിച്ചു കയറാനുള്ള സാഹചര്യമാണ് ഒരുക്കിയതെന്നും അദ്ദേഹം പരിഹസിച്ചു.

"മുമ്പ് ഒരു തെരഞ്ഞെടുപ്പിലും മഹാസഖ്യവും ഇതുപോലെ ഭിന്നിപ്പിൻ്റെ വക്കിലെത്തി നിൽക്കുന്ന കാഴ്ച കാണാനായിട്ടില്ല. സീറ്റുകളെ ചൊല്ലി തർക്കം ഉണ്ടാവുകയെന്നത് സാധാരണമാണ്. എന്നാൽ കക്ഷികളുടെ സീറ്റുകളുടെ എണ്ണം പോലും നിശ്ചയിക്കാനായിട്ടില്ല," ചിരാഗ് പാസ്വാൻ ചൂണ്ടിക്കാട്ടി. എൻഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റുകളിലാണ് മത്സരിക്കുന്നത്.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രതിപക്ഷ കക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) അറിയിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതിയായ ഞായറാഴ്ചയ്ക്ക് മുമ്പ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാനാവാത്ത സാഹചര്യത്തിലാണ് നടപടി. ഇന്‍ഡ്യ സഖ്യത്തിലെ പ്രധാന കക്ഷിയും ജാര്‍ഖണ്ഡിലെ മുഖ്യ പാര്‍ട്ടിയുമായ ജെഎംഎം ബിഹാര്‍ നിയമസഭയില്‍ മത്സരിക്കില്ലെന്ന് പറയുന്നത് ആദ്യമായാണ്.

സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവാത്തതില്‍ ആര്‍ജെഡിയെ ആണ് ജെഎംഎം കുറ്റപ്പെടുത്തുന്നത്. സീറ്റ് ചര്‍ച്ചകളില്‍ ആര്‍ജെഡി ജെഎംഎമ്മിനെ അവഗണിച്ചെന്നാണ് ജെഎംഎം മന്ത്രിയും മുതിര്‍ന്ന നേതാവുമായ സുദിവിയ്യ കുമാര്‍ പറഞ്ഞത്.

SCROLL FOR NEXT