പട്‌ന: ബിഹാർ തെരഞ്ഞടുപ്പിന് പൂർണ സജ്ജമായി ബിജെപി ക്യാമ്പ്. മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തുവിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയിരിക്കുകയാണ് ബിജെപി . 101 സ്ഥാനാർഥികളേയും ഇതിനോടകം മൂന്ന് ഘട്ടങ്ങളിലായി പ്രഖ്യാപിച്ചുകഴിഞ്ഞു.
രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. ഭോജ്പുരി ഗായിക മൈഥിലി താക്കൂര്‍, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ തുടങ്ങി 12 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. മൈഥിലി താക്കൂർ അലിനഗറില്‍ നിന്നും ആനന്ദ് മിശ്ര ബക്‌സര്‍ മണ്ഡലത്തില്‍ നിന്നുമാണ് മത്സരത്തിനിറങ്ങുന്നത്. തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തു വിട്ടിരുന്നു. എഴുപത്തിയൊന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
ആദ്യഘട്ട പട്ടികയില്‍ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ്കുമാര്‍ സിന്‍ഹ എന്നിവരും ഇടംനേടിയിരുന്നു. ഒന്‍പത് വനിതാ നേതാക്കളും ആദ്യഘട്ട പട്ടികയിലുണ്ടായിരുന്നു. ബിഹാറിൽ 101 സീറ്റുകളിലാണ് ബിജെപി ജനവിധി തേടുന്നത്. അതേ സമയം മഹാസഖ്യത്തില്‍ സീറ്റ് ധാരണ എത്താത്തതിനെ തുടര്‍ന്ന് സിപിഐഎംഎല്ലിലെ 18 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തേജസ്വി യാദവ് എതിര്‍ത്തതോടെ പിന്നീട് പട്ടിക പിന്‍വലിച്ചു. അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലി ജെഡിയുവിലും ആര്‍ജെഡിയിലും തര്‍ക്കവും പൊട്ടിത്തെറിയും രൂക്ഷമായി.
ഭഗല്‍പൂര് എംപി അജയകുമാര്‍ മണ്ഡല്‍ പ്രതിഷേധ സൂചകമായി ജെഡിയുവില്‍ നിന്ന് രാജിവെച്ചു. സീറ്റ് നിഷേധിച്ചതില്‍ നിതീഷ് കുമാറിന്റെ വീടിന് മുന്നില്‍ ജെഡിയു നേതാക്കള്‍ കുത്തിയിരുപ്പുസമരം നടത്തി. ലാലുപ്രസാദ് യാദവിന്റെ അപ്രതീക്ഷിത തീരുമാനങ്ങളില്‍ ആര്‍ജെഡിയിലും ഭിന്നത ഉയരുകയാണ്. വിശ്വസ്തരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കാനുള്ള ലാലുവിന്റെ നീക്കം പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മില്‍ ധാരണയായിട്ടുണ്ട്. മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് 70 സീറ്റ് ആവശ്യപ്പെട്ടെങ്കിലും 60ല്‍ ഒതുങ്ങി.
മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ സീറ്റ് പങ്കിടല്‍ ഫോര്‍മുല പ്രകാരം, ആര്‍ജെഡി 136 സീറ്റുകളിലും കോണ്‍ഗ്രസ് 60-62 സീറ്റുകളിലും മുകേഷ് സാഹ്നിയുടെ വികശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വി ഐപി) 18 സീറ്റുകളിലും മത്സരിക്കാനാണ് സാധ്യത. സിപിഐ(എംഎല്‍) ഉള്‍പ്പെടെയുളള ഇടത് പാര്‍ട്ടികള്‍ക്ക് 20 സീറ്റുകള്‍ ലഭിക്കും. നവംബർ 6, 11 തിയതികളിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 14ന് പ്രഖ്യാപിക്കും.