ബിഹാറില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആര്‍ജെഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകളും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും നല്‍കുമ്പോള്‍ ആര്‍ജെഡി കുട്ടികള്‍ക്ക് പിസ്റ്റളുകള്‍ നല്‍കുന്നതിനെക്കുറിച്ച് പറയുന്നതായാണ് കേള്‍ക്കുന്നതെന്ന് മോദി ആരോപിച്ചു.
'അവര്‍ക്ക് അവരുടെ മക്കളെ മുഖ്യമന്ത്രിയും മന്ത്രിമാരും എംപിയും എംഎല്‍എമാരുമൊക്കെ ആക്കണം. എന്നിട്ട് നിങ്ങളെ കുട്ടികളെ ഗുണ്ടകളാക്കണം. ബിഹാര്‍ ഇത് ഒരിക്കലും അംഗീകരിക്കില്ല. ജംഗിള്‍രാജ് എന്ന് പറഞ്ഞാല്‍ പിസ്റ്റളുകളും, ക്രൂരതയും അഴിമതിയും ശത്രുതയുമൊക്കെയാണ്,' മോദി പറഞ്ഞു.
സിതാമര്‍ഹിയിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ആര്‍ജെഡിയുടെ പ്രചാരണ ഗാനങ്ങളും മുദ്രാവാക്യങ്ങളും ഒക്കെ കേട്ടാല്‍ നിങ്ങള്‍ വിറയ്ക്കും. നേതാക്കളുടെ പ്രചാരണത്തില്‍ അവര്‍ കുട്ടികള്‍ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി പറഞ്ഞു വയ്ക്കുന്നുണ്ട്. ഈ കുട്ടികള്‍ ഒക്കെ എന്നിട്ട് ഗ്യാങ്ങ്‌സ്റ്ററുകളായി മാറണണെന്നാണ് പറയുന്നതെന്നും മോദി പറഞ്ഞു.
ആര്‍ജെഡി സ്ഥാനാര്‍ഥിയുള്ള വേദിയില്‍ 10 വയസുള്ള ഒരു കുട്ടി സംസാരിക്കുന്നത് പിസ്റ്റളുകളെക്കുറിച്ചും രംഗ്ധാരിയെ കുറിച്ചും ഒക്കെയാണെന്നും മോദി ആരോപിച്ചു. 'ഹാന്‍ഡ്‌സ് അപ്പ്' എന്നു പറയുന്നവര്‍ക്ക് ബിഹാറില്‍ സ്ഥാനമില്ല. ബിഹാറിന് വേണ്ടത് സ്റ്റാര്‍ട്ട് അപ്പ് എന്ന് സ്വപ്‌നം കാണുന്നവരെ ആണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നവംബര്‍ ആറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയതില്‍ മോദി സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. 65.08 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.