Source: Screengrab
NATIONAL

അവിടെ വോട്ടെണ്ണൽ, ഇവിടെ ജിലേബി എണ്ണൽ; ആഘോഷത്തിമിർപ്പിൽ ഡൽഹിയിലെ ബിജെപി ആസ്ഥാനം

ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ബിഹാറി വിഭവങ്ങളായ സത്തു പറാട്ടയും ബൈഗൻ ചോക്കയും തയ്യാറാക്കുന്നുണ്ട്...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടെണ്ണലിന് മുമ്പ് തന്നെ ഡൽഹിയിലെ ബിജെപി ആസ്ഥാനം സന്തോഷത്തിന്റെയും ആവേശത്തിന്റെയും അന്തരീക്ഷത്തിലായിരുന്നു. അവിടെ ഇതിനകം തന്നെ ബിഹാറിലെ പ്രധാന ഭക്ഷണവിഭവങ്ങളായ സത്തു പറാട്ടയും ബൈഗൻ ചോക്കയും തയ്യാറാക്കാൻ ആരംഭിച്ചുകഴിഞ്ഞു. ഇതോടൊപ്പം ജിലേബി ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളുമൊരുക്കി വൻ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് ബിജെപി. ബിഹാറിൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ബിജെപി ആസ്ഥാനത്ത് ആഘോഷത്തിന് ആവശ്യമായ ലഡുവും ജിലേബിയുമുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് പ്രവർത്തകർ. ബിഹാറി സ്പെഷ്യൽ ലിറ്റി ചോക്കയും തയ്യാറാക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ വിജയം പ്രവചിച്ച എക്സിറ്റ് പോളുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചായിരുന്നു എൻഡിഎയുടെ ആവേശം. രാജ്യത്തെ ഭൂരിഭാഗം എക്സിറ്റ് പോളുകളും നിതീഷിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് തുടർച്ചയായ അഞ്ചാം തവണയും വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിച്ചത്. വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി പട്നയിലെ ജെഡിയു ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട ഒരു കൂറ്റൻ ഫ്ലക്സ് ബോർഡിൽ 'ടൈഗർ സിന്ദാ ഹേ' എന്ന വാചകമായിരുന്നു കുറിച്ചിരുന്നത്.

എൻഡിഎ - 192, മഹാഗഢ്‌ബന്ധൻ - 48, മറ്റുള്ളവർ - മൂന്ന് എന്നിങ്ങനെയാണ് നിലവിലെ വോട്ടുനില. ബിജെപി - 80, ജെഡിയു - 84, എൽജെപി - 23, എച്ച്എഎം - 4, ആർഎൽഎം - 1, ആർജെഡി - 35, കോൺഗ്രസ് - 5, സിപിഐഎംഎൽ - 7, സിപിഐഎം - 1 എന്നിങ്ങനെയാണ് നിലവിൽ പാർട്ടികൾ ലീഡ് ചെയ്യുന്ന സീറ്റുകൾ.

SCROLL FOR NEXT