തേജസ്വി യാദവ് Source: ANI
NATIONAL

''ബിഹാറിൽ ഞങ്ങള്‍ വിജയിക്കാന്‍ പോവുകയാണ്, എല്ലാവര്‍ക്കും നന്ദി''; മാറ്റം വരിക തന്നെ ചെയ്യുമെന്ന് തേജസ്വി യാദവ്

2020ലെ തെറ്റ് ഇത്തവണ ആവര്‍ത്തിക്കരുതെന്നും തേജസ്വി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് ആര്‍ജെഡി നേതാവും ഇന്‍ഡ്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. തങ്ങള്‍ തന്നെ വിജയിക്കുമെന്നും എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ വിജയിക്കാന്‍ പോവുകയാണ്. എല്ലാവര്‍ക്കും നന്ദി. ഒരു മാറ്റം വരിക തന്നെ ചെയ്യും. ഞങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കും,' തേജസ്വി യാദവ് പറഞ്ഞു. 2020ലെ തെറ്റ് ഇത്തവണ ആവര്‍ത്തിക്കരുതെന്നും തേജസ്വി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ലാലു പ്രസാദ് യാദവിന്റെയും സഹോദരിയും ലോക്‌സഭ എംപിയുമായ മിസ ഭാരതിയുടേയ്ക്കുമൊപ്പമാണ് തേജസ്വി യാദവ് ഇറങ്ങിയത്. ആര്‍ജെഡിയുടെ ശക്തിപ്രദേശമായ രാഘവ്പൂരിലാണ് തേജസ്വി യാദവ് മത്സരിക്കുന്നത്. ബിജെപിയുടെ സതീഷ് കുമാര്‍ ആണ് എതിരാളി.

വോട്ടെണ്ണലില്‍ നിഷ്പക്ഷത ഉറപ്പാക്കണമെന്ന് തേജസ്വി യാദവ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഏതെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍, അത് തെറ്റാണ് ചെയ്യുന്നതെന്ന് മറക്കരുതെന്നും ബിഹാര്‍ ജനത എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കാന്‍ തീരുമാനിച്ചതായും തേജസ്വി യാദവ് പറഞ്ഞു.

ബിഹാറില്‍ എട്ട് മണിയോടെ തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. എന്‍ഡിഎയും ഇന്‍ഡ്യ സഖ്യവും വിജയ പ്രതീക്ഷയിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് വിജയ പ്രതീക്ഷ നല്‍കുമ്പോള്‍ ഇന്‍ഡ്യ സഖ്യം പൂര്‍ണമായും എക്‌സിറ്റ് പോള്‍ ഫലഭങ്ങളെ തള്ളുകയാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിജെപി നേതാക്കള്‍ ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തി. പട്‌നയിലെ ഹനുമാന്‍ ക്ഷേത്രം, അശോക്ദാം ക്ഷേത്രം എന്നിവിടങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി പൂജകള്‍ നടത്തിയത്. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ലഖിസാരായിയിലേക്കുള്ള സ്ഥാനാര്‍ഥിയുമായ വിജയ് കുമാര്‍ സിന്‍ഹ അശോക്ധാം ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT