പാറ്റ്ന: ബിഹാർ രാഷ്ട്രീയത്തിൽ മഹാഗഢ്ബന്ധൻ സഖ്യത്തിൻ്റെ ആണിക്കല്ലായിരുന്ന ആർജെഡിയുടെ പതനം ആരെയും നടുക്കുന്നതാണ്. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയുടെ വക്കിലാണ് അവർ എന്നതാണ് 2025 നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ബാക്കിപത്രം.
കഴിഞ്ഞ 2020 നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിടത്ത് നിന്നാണ് ആർജെഡിയുടെ ഈ തിരിച്ചിറക്കം. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 22 സീറ്റുകളിൽ മാത്രമാണ് ആർജെഡിക്ക് ജയിക്കാനായത്. അതിന് സമാനമായ വൻ പരാജയമാണ് ഇക്കുറി നേരിട്ടത്.
2025ൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ അധികാരത്തിൽ വരുമ്പോൾ ആർജെഡിക്ക് ലഭിച്ചത് 55 സീറ്റുകളായിരുന്നു. അതിന് തൊട്ടു മുമ്പ് ലാലു പ്രസാദ് യാദവിൻ്റെ ഭാര്യ റാബ്രി ദേവിയായിരുന്നു മുഖ്യമന്ത്രി. സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉണ്ടായിരുന്ന അക്കാലത്ത് പോലും 50ന് മുകളിൽ സീറ്റ് നേടാൻ ആർജെഡിക്ക് കഴിഞ്ഞു.
1997ലാണ് ലാലു പ്രസാദ് യാദവിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ ജനതാദൾ പാർട്ടി രൂപീകൃതമായത്. പിന്നീട് കേന്ദ്ര റെയിൽവേ മന്ത്രിയായി തിളങ്ങിയപ്പോഴും കാലിത്തീറ്റ കുംഭകോണം പോലുള്ള അഴിമതി കേസുകളുടെ കറ അദ്ദേഹത്തെ വിടാതെ പിന്തുടർന്നിരുന്നു.
2025ലേക്ക് വരുമ്പോൾ എൻഡിഎ സഖ്യം 200ന് മുകളിൽ സീറ്റുകൾ നേടുമ്പോൾ, ആർജെഡി 25ഓളം സീറ്റുകളിലേക്ക് ഒതുങ്ങുകയാണ് ചെയ്യുന്നത്. എന്നാലും ആർജെഡിയുടെ വോട്ട് ഷെയർ പരിഗണിക്കുമ്പോൾ പലയിടത്തും മികച്ച പോരാട്ടം കാഴ്ചവച്ചുവെന്ന് വ്യക്തമാണ്. ഇത്തവണത്തെ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവുമധികം വോട്ട് ഷെയർ നേടിയ പാർട്ടിയും ആർജെഡി ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടേയും (20.90%) ജെഡിയുവിൻ്റെയും (18.92%) വോട്ട് വിഹിതം താരതമ്യപ്പെടുത്തുമ്പോൾ, രാഷ്ട്രീയ ജനതാദൾ (ആർജെഡി) 22.76% കൂടുതൽ വോട്ട് വിഹിതമാണ് നേടിയത്. എന്നാൽ ഫലത്തിലേക്ക് വരുമ്പോൾ വിജയം 25നോടടുത്ത് സീറ്റുകളിൽ മാത്രമായി ഒതുങ്ങുകയും ചെയ്യുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഈ ഉയർന്ന വോട്ട് ഷെയർ വിജയമായി മാറ്റിയെടുക്കാൻ കഴിയാതെ പോയിടത്താണ് തേജസ്വിയുടെ പാർട്ടി വൻ തിരിച്ചടി നേരിട്ടത്. അതോ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന മുന്നണി അട്ടിമറി നടത്തിയോ? ഇതിനുള്ള മറുപടി കാലം തരുമെന്നുറപ്പാണ്.