NATIONAL

സ്ത്രീകള്‍ക്ക് മാസം 2500 രൂപ, യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി; ബിഹാറില്‍ 'തേജസ്വി പ്രണ്‍' പുറത്തിറക്കി മഹാസഖ്യം

''അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ തന്നെ പ്രകടനപത്രിയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കി തുടങ്ങും''

Author : ന്യൂസ് ഡെസ്ക്

ബിഹാര്‍: തെരഞ്ഞെടുപ്പ് പ്രകടന പത്രികയായ 'തേജസ്വി പ്രണ്‍' പുറത്തിറക്കി ബിഹാറിലെ മഹാസഖ്യം. എല്ലാ കുടുംബത്തിലും ജോലി എന്നതടക്കമുള്ള വലിയ പ്രഖ്യാപനങ്ങളാണ് തേജസ്വി യാദവ് പ്രകടന പത്രികയിലൂടെ നടത്തിയിരിക്കുന്നത്. അധികാരത്തില്‍ എത്തിയാല്‍ 20 ദിവസം കൊണ്ട് നടപ്പിലാക്കി തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

സമഗ്രവികസനത്തിനുള്ള പദ്ധതിയാണ് മഹാസഖ്യം അവതരിപ്പിക്കുന്നതെന്നാണ് തേജസ്വിയുടെ അവകാശവാദം. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എവിടെയെന്നും പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ തേജസ്വി ചോദിച്ചു.

യുവാക്കള്‍, സ്ത്രീകള്‍, തൊഴില്‍ എന്നിവയാണ് 25 കാര്യങ്ങളിലെ സുപ്രധാന പോയിന്റുകള്‍. പ്രകടന പത്രികയില്‍ തൊഴില്‍ നല്‍കുന്നത്, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ നവീകരണം, ആരോഗ്യകാര്യം, കുടിയേറ്റ ക്ഷേമം, അഴിമതി രഹിത ഭരണം എന്നിവയ്‌ക്കൊപ്പം സാമൂഹ്യ നീതിയും പ്രകടനപത്രികയില്‍ ഉറപ്പ് തരുന്നു.

പ്രായോഗികമായതും നടപ്പിലാക്കാന്‍ സാധ്യമാകുന്നതുമായ പ്രകടനപത്രികയാണ് മഹാ സഖ്യം പുറത്തുവിട്ടതെന്നും ബിഹാറിന്റെ വികസനം സാധ്യമാകാന്‍ കഴിയുന്ന പ്രകടനപത്രികയിലെ കാര്യങ്ങളും ജീവന്‍ കൊടുത്തിട്ടായാലും നടപ്പാക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണെന്നും ബിഹാര്‍ പറഞ്ഞു.

ബിഹാറിന്റെ യുവതയെ നശിപ്പിക്കുകയാണ് ബിജെപിയും നിതീഷ് കുമാറും ചെയ്യുന്നതെന്നും തേജസ്വി ആരോപിച്ചു. ''ഞങ്ങള്‍ക്ക് ഒരു സര്‍ക്കാര്‍ അല്ല ഉണ്ടാക്കേണ്ടത്, ബിഹാറിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റാന്‍ വേണ്ടി റോഡ് മാപ്പ് അവതരിപ്പിക്കുകയാണ് ഞങ്ങള്‍ക്ക് വേണ്ടത്'' എന്നും തേജസ്വി യാദവ് പറഞ്ഞു.

'അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ തന്നെ പ്രകടനപത്രിയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കി തുടങ്ങും. എല്ലാ കുടുംബങ്ങളിലേയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും. അത് 20 മാസത്തിനുള്ളില്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയകള്‍ ആരംഭിക്കും,' തേജസ്വി യാദവ് പറഞ്ഞു.

തൊഴില്‍ ആണ് തേജസ്വി യാദവ് ഇന്ന് അവതരിപ്പിച്ച പ്രകടനപത്രികയുടെ സുപ്രധാന ഘടകങ്ങളിലൊന്ന്. സ്ഥിര ജോലി, കരാര്‍-ഔട്ട് സോഴ്‌സ് ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കുന്നു.

ബിഹാറില്‍ ആയിരക്കണക്കിന് യുവാക്കള്‍ സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നുണ്ട്. അതിനാല്‍ തന്നെ മത്സര പരീക്ഷകളുടെയും ഫോമിന്റെയുമൊക്കെ ഫീസ്, പരീക്ഷാ സെന്ററുകളിലേക്കുള്ള യാത്ര ഫീ എന്നിവ സൗജന്യമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രകടനപത്രികയില്‍ സ്ത്രീകളുടെ ഉയര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് മായി-ബാഹിന്‍ മാന്‍ യോജന എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാസം 2500 രൂപവെച്ച് അഞ്ച് വര്‍ഷം നല്‍കുന്നതാണ് പദ്ധതി. ഇത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, പരിശീലനം, പെണ്‍കുട്ടികള്‍ക്ക് വരുമാനത്തിനുള്ള പിന്തുണ, അമ്മമാര്‍ക്ക് ഭക്ഷണം, വീട്, ജീവിത ചെലവ് തുടങ്ങിയ പിന്തുണ എന്നിവയെല്ലാം ഈ പദ്ധതിയിലൂടെ ഉറപ്പാക്കാനാകുമെന്നാണ് അവകാശവാദം. എല്ലാ സബ് ഡിവിഷനുകളിലും ഒരു വനിതാ കോളേജ് നിര്‍മിക്കുമെന്നും പ്രകടനപത്രിക പറയുന്നു.

SCROLL FOR NEXT