

ആശങ്കയുയര്‍ത്തി മൊന്‍ ത ചുഴലിക്കാറ്റ് തീരം തൊട്ടു. ആന്ധ്രാപ്രദേശിന്റെ കാക്കിനടയിലാണ് തീരം തൊട്ടത്. ആന്ധ്രപ്രദേശ് തീരമായ മച്ചിലിപ്പട്ടണം, കാക്കിനട ഉള്‍പ്പെടുന്ന കലിംഗപട്ടണം എന്നീ പ്രദേശങ്ങളിലൂടെ വരുന്ന 3-4 മണിക്കൂറുകളില്‍ 90-100 കിലോമീറ്റര്‍ വേഗതയില്‍ കടന്നു പോകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് കാക്കിനട, കൃഷ്ണ, എലുരു, കിഴക്കേ ഗോദാവരി, പടിഞ്ഞാറേ ഗോദവരി, ഡോ. ബിആര്‍ അംബേദ്കര്‍ കൊണസീമ, ചിന്തുരു എന്നീ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതം നേരിട്ടേക്കും. ഈ പ്രദേശങ്ങളില്‍ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി 8.30 മുതല്‍ നാളെ രാവിലെ ആറ് മണി വരെ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്. 403 മണ്ഡലങ്ങളിലും 22 ജില്ലകളിലും ചുഴലിക്കാറ്റ് ബാധിക്കും.
അടിയന്തര ഘട്ടങ്ങളിൽ ആശയവിനിമയം തടസപ്പെടാതിരിക്കാന്‍ 81 വയര്‍ലെസ് ടവറുകളും 21 വലിയ വിളക്കുകളും തയ്യാറാക്കിയിട്ടുണ്ട്. 1447 മണ്ണുമാന്തി യന്ത്രങ്ങളും 321 ഡ്രോണുകളും 1040 മരം മുറിക്കാനുള്ള യന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
രാവിലെ 8.30 മുതല്‍ വൈകുന്നേരം നാല് മണിവരെയുള്ള സമയങ്ങളില്‍ നെല്ലൂരിലെ ഉലവപ്പാട് 12.6 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കാവാലിയിലും ദഗദാര്‍ത്തിയിലും 12 സെന്റീമീറ്റര്‍ മഴ ലഭിച്ചു.