Source: X
NATIONAL

ആദ്യഘട്ട വിധിയെഴുതി ബിഹാർ; വോട്ടെടുപ്പിൽ കനത്ത പോളിങ്, 64.46 ശതമാനം രേഖപ്പെടുത്തി, പ്രതീക്ഷയോടെ മുന്നണികൾ

47 ശതമാനത്തോളം സ്ത്രീ വോട്ടർമാരുള്ള ആദ്യഘട്ടത്തിൽ മിണാപുരിലും ബെഗുസരായിലും അടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന; ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. 121 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ നിലവിലെ റിപ്പോർട്ട് പ്രകാരം 64.46 ശതമാനമാണ് പോളിങ്. കൂടുതൽ പോളിംഗ് ബഗുസാരായിൽ, 67.32 ശതമാനം. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.

വാശിയേറിയ പ്രചാരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ ജനങ്ങൾ വിധി എഴുതി. ഉച്ചവരെയുള്ള പോളിംഗിൽ 10 ശതമാനത്തോളം വർധനവാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ചുണ്ടായത്. ഉച്ചകഴിഞ്ഞും കൂടുതൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലെത്തി. 47 ശതമാനത്തോളം സ്ത്രീ വോട്ടർമാരുള്ള ആദ്യഘട്ടത്തിൽ മിണാപുരിലും ബെഗുസരായിലും അടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് മേൽക്കൈ ലഭിച്ച മേഖലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ബിഹാറിന്റെ ഭാഗധേയത്തെ നിർണയിക്കാൻ കെൽപ്പുള്ള നിർണായക മണ്ഡലങ്ങളാണിത്. മഹാഗഢ്ബന്ധൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവിന്റെ രാഘവ്പൂര്‍, സഹോദരൻ തേജ് പ്രതാപ് യാദവ് മത്സരിക്കുന്ന മഹുവ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ താരാപൂർ, നിതീഷ് സര്‍ക്കാരിലെ രണ്ടാം ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ ലഖിസരായി, യുവ ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി ഠാക്കൂറിന്റെ അലിനഗര്‍, ഗ്യാങ്സ്റ്റർ നേതാക്കളിലൂടെ ശ്രദ്ധിക്കപ്പെട്ട മൊക്കാമ തുടങ്ങി നിരവധി സുപ്രധാന മണ്ഡലങ്ങൾ ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയവയിൽ ഉൾപ്പെടുന്നു.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലകളിൽ എൻഡിഎയും മഹാസഖ്യ നേതാക്കളുടെ റാലികൾ തുടരുകയാണ്. എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നാവർത്തിച്ച് പ്രധാനമന്ത്രി ആവർത്തിച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാർ തൊഴിലുകൾ തട്ടിയെടുക്കുകയും രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയർത്തുകയും ചെയ്തെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റ മുക്തമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സഹർസയിൽ നടന്ന പൊതുയോഗത്തിൽ പ്രിയങ്ക ഗാന്ധി ബിജെപിക്കെതിരെ രൂക്ഷവിമർശനം നടത്തി. നുണകൾ കൊണ്ട് എതിരാളികളെ അപമാനിക്കുകയാണ് പ്രധാനമന്ത്രിയെന്ന് പ്രിയങ്ക പറഞ്ഞു. 121 മണ്ഡലങ്ങളിൽ 1,314 സ്ഥാനാർഥികളാണ് ഇന്ന് വിധി തേടിയത്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നവംബർ 11 ന് നടക്കും. നവംബർ 14 നാണ് നിർണായക ഫലപ്രഖ്യാപനം.

SCROLL FOR NEXT