പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗന്ദര്യ രഹസ്യമെന്ത്? വനിതാ ഏകദിന ലോകകപ്പ് നേടിയ താരങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യൻ താരം ഹർലീൻ ഡിയോളിൻ്റെ ചോദ്യമായിരുന്നു ഇത്. രസകരമായി ഈ ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നൽകുകയും ചെയ്തു.
ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് വനിതാ ലോകകപ്പ് നേടിത്തന്ന സംഘം. ഇന്ത്യയുടെ അഭിമാനമായി മാറിയ പെൺപടയെ സ്വന്തം വസതിയിലേക്ക് ക്ഷണിച്ചാണ് പ്രധാനമന്ത്രി അനുമോദിച്ചത്. കൂടിക്കാഴ്ചയ്ക്കിടെ ഓരോരുത്തരോടും അനുഭവങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ഇതിനിടയിലാണ് ഹർലീൻ ഡിയോളിൻ്റെ ചോദ്യമെത്തിയത്.
"താങ്കളുടെ മുഖം നന്നായി തിളങ്ങുന്നുണ്ടല്ലോ... മോദിയുടെ സ്കിൻ കെയറിൻ്റെ രഹസ്യമെന്താണെന്ന് പറയാമോ?", ഹർലീൻ ഡിയോൾ ചോദിച്ചു. അതിനെക്കുറിച്ച് അധികം ആലോചിക്കാറില്ലെന്നാണ് പ്രധാനമന്ത്രിയുടെ മറുപടി. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്നേഹമാണ് കാരണമെന്ന് ഓൾറൗണ്ടർ സ്നേഹ് റാണയും പറഞ്ഞു.
ടൂർണമെൻ്റിൻ്റെ താരമായി മാറിയ ദീപ്തി ശർമയുടെ ഹനുമാൻ ടാറ്റൂവിനെക്കുറിച്ചുള്ള മോദിയുടെ ചോദ്യവും ചിരിപടർത്തി. 2017ൽ ഫൈനലിലെ തോൽവിക്ക് ശേഷം പ്രധാനമന്ത്രിയെ കണ്ട അനുഭവമാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പങ്കുവച്ചത്. പരിക്കേറ്റ് പുറത്തായ പ്രതിക റാവലിനെയും പ്രധാനമന്ത്രി അനുമോദിച്ചു. ഇന്ത്യക്ക് ക്രിക്കറ്റ് ജീവിതത്തിൻ്റെ ഭാഗമാണെന്നും ടീമിൻ്റെ നേട്ടം അതുല്യമെന്നും പ്രധാനമന്ത്രി താരങ്ങളെ അഭിനന്ദിച്ചു