NATIONAL

പട്ടത്തിന്റെ നൂല്‍ കുടുങ്ങി കഴുത്ത് മുറിഞ്ഞു; കര്‍ണാടകയില്‍ ബൈക്ക് യാത്രികന്‍ രക്തം വാര്‍ന്ന് മരിച്ചു

ആംബുലന്‍സ് വിളിച്ചെങ്കിലും വണ്ടി എത്തുന്നതിന് മുമ്പ് തന്നെ ഹൊസമണി മരിച്ചു.

Author : കവിത രേണുക

പട്ടം പറത്തുന്ന നൂല്‍ കഴുത്തില്‍ കുടുങ്ങി കര്‍ണാടകയില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കഴുത്ത് മുറിഞ്ഞ് ചോരവാര്‍ന്നാണ് സഞ്ജുകുമാര്‍ ഹൊസമണി പറഞ്ഞത്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലെ തലമാദഗി പാലത്തിനടുത്താണ് സംഭവം.

ബൈക്കില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ഹൊസമണിയുടെ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ കുടുങ്ങിയത്. പിന്നാലെ കഴുത്ത് ആഴത്തില്‍ മുറിയുകയും രക്തമൊഴുകാനും തുടങ്ങി. തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ ഹൊസമണി തന്റെ മകളെ വിളിച്ച് കാര്യം പറഞ്ഞു.

രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹൊസമണി തന്റെ മകളെ വിളിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഈ സമയം അടുത്തുണ്ടായിരുന്നവര്‍ ഹൊസമണിയുടെ രക്തം വരുന്നത് തടയുന്നതിനായി തുണികൊണ്ട് വയ്ക്കുകയും സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും വണ്ടി എത്തുന്നതിന് മുമ്പ് തന്നെ ഹൊസമണി മരിച്ചു.

മരണത്തിന് പിന്നാലെ ഹൊസമണിയുടെ കുടുംബം പട്ടം പറത്തുന്നതിനായി നൈലോണ്‍ നൂലുകള്‍ ഉപയോഗിക്കുന്നതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. മന്ന ഏഖേല്ലി പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

മകര സംക്രാന്തിയോട് അനുബന്ധിച്ച് പട്ടം പറത്തല്‍ രാജ്യത്തെ പല സ്ഥലങ്ങളിലും ആചാരത്തിന്റെ ഭാഗമായി നടത്തി വരുന്ന ഒന്നാണ്. എന്നാല്‍ കുറച്ചു കാലങ്ങളായി കോട്ടണ്‍ നൂലുകള്‍ക്ക് പകരം നൈലോണ്‍ നൂലുകളാണ് പട്ടം പറത്തുന്നതിനായി ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവും കൂടുതല്‍ സമയം പൊട്ടാതെ നില്‍ക്കുന്നതും കാരണം ആളുകള്‍ കൂടുതലും നൈലോണ്‍ നൂലുകള്‍ വാങ്ങാന്‍ തുടങ്ങി.

നൈലോണ്‍ നേരിയ നൂലായതിനാല്‍ തന്നെ ചര്‍മത്തില്‍ മുറിവുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവങ്ങള്‍ ഡല്‍ഹിയില്‍ അടക്കം ഉണ്ടായിട്ടുണ്ട്. ബൈക്ക് യാത്രക്കാര്‍ക്ക് നൈലോണ്‍ നൂലുകള്‍ പെട്ടെന്ന് കാണാന്‍ സാധിക്കാത്തതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു.

SCROLL FOR NEXT