NATIONAL

ക്രിസ്ത്യൻ പള്ളിക്കുള്ളിൽ കയറി കാഴ്ചയില്ലാത്ത യുവതിയെ ആക്രമിച്ച് ബിജെപി വനിതാ നേതാവ്; നിശിതമായി വിമർശിച്ച് കോൺഗ്രസ്, വീഡിയോ

"ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അന്ധയായി തുടരൂ," എന്ന് ആക്രോശിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.

Author : ന്യൂസ് ഡെസ്ക്

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ചയില്ലാത്ത യുവതിയെ ആക്രമിച്ച് ബിജെപിയുടെ വനിതാ നേതാവ്. ബിജെപി നേതാവ് യുവതിയുടെ മുഖത്തും കൈയ്യിലും കയറിപ്പിടിക്കുന്നതും "ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അന്ധയായി തുടരൂ," എന്ന് ആക്രോശിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.

നേതാവ് സ്ത്രീയുടെ കൈ പിടിച്ച് ശാരീരികമായി വഴക്കുണ്ടാക്കുന്നതും, സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം. നെറ്റിയിൽ സിന്ദൂരമണിഞ്ഞ് പള്ളിയിലെത്തിയതും കുട്ടിയെ കൊണ്ടുവന്നതിനേയും ബിജെപി വനിതാ നേതാവ് ചോദ്യം ചെയ്യുന്നുണ്ട്.

തിങ്കളാഴ്ച ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിജെപി നേതാവിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കാഴ്ചയില്ലാത്ത ഒരാളെ ആക്രമിക്കുന്ന സ്ത്രീ ബിജെപിയുടെ ജബൽപൂർ ജില്ലാ വൈസ് പ്രസിഡൻ്റായ അഞ്ജു ഭാർഗവയാണെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. പാർട്ടിയിൽ വളരാൻ വേണ്ടിയാണ് ഇത്തരം വൃത്തികേടുകൾ ഇത്തരക്കാർ ചെയ്യുന്നതെന്നും സുപ്രിയ ആരോപിച്ചു.

ഡിസംബർ 20ന് ജബൽപൂരിലെ ക്രിസ്ത്യൻ പള്ളിയിൽ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകൾ അതിക്രമിച്ചെത്തിയത് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബിജെപിയുടെ വനിതാ നേതാവിനൊപ്പം ഹിന്ദു സംഘടനകളുടെ നേതാക്കളും ഉണ്ടായിരുന്നു. കാഴ്ചയില്ലാത്ത കുട്ടികളെ പള്ളിയിലെത്തിച്ച് മതപരിവർത്തനം നടത്തുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്. പള്ളിയിൽ ഉണ്ടായിരുന്നവരും ഹിന്ദു നേതാക്കളും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ഇതെല്ലാം കണ്ട് പൊലീസും ഇടപെടാതെ നിൽക്കുകയായിരുന്നു.

കാഴ്ചവൈകല്യമുള്ള കുട്ടികളെ ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള ഹവാബാഗ് കോളേജിലേക്ക് കൊണ്ടുവന്ന് ബ്രെയിൻ വാഷ് ചെയ്ത് മതപരിവർത്തനം നടത്തുകയാണെന്ന് ഹിന്ദു സംഘടനാ പ്രവർത്തകർ ആരോപിച്ചു. അതേസമയം, ഹിന്ദുത്വ സംഘടനകളുടെ ഈ അവകാശ വാദങ്ങൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. വൈറലായ ഈ വീഡിയോയെ കുറിച്ച് ബിജെപി നേതൃത്വം ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT