

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഞായറാഴ്ചത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപി നയിക്കുന്ന ഭരണസഖ്യത്തിന് ആവേശം പകരുന്നതോടൊപ്പം, പ്രതിപക്ഷ ക്യാമ്പിനുള്ളിൽ ആശങ്കയും വിതച്ചിട്ടുണ്ട്. ബിജെപിയുടെ ശക്തമായ പ്രകടനം പ്രതിപക്ഷത്തെ സ്വന്തം സഖ്യത്തിലെ വിള്ളലുകൾ പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കിയെന്നാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പാർട്ടി ഒമ്പത് സീറ്റുകൾ മാത്രമാണ് ജയിച്ചത്. ഇതോടെ മുതിർന്ന നേതാവായ സഞ്ജയ് റാവത്ത്, വരാനിരിക്കുന്ന മുംബൈ മുനിസിപ്പൽ ബോഡി തെരഞ്ഞെടുപ്പിനുള്ള സംയുക്ത തന്ത്രങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയെ വിളിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാവികാസ് അഘാഡിയുടെ (എംവിഎ) ഘടകകക്ഷികളിൽ ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവച്ച പാർട്ടിയായി കോൺഗ്രസ് ഉയർന്നുവന്ന സാഹചര്യത്തിലാണ് ഈ നീക്കം. ജനുവരി 15ന് നടക്കാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് മുമ്പായുള്ള ഒരു അതിജീവന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്. സംഭാഷണത്തിനിടെ ബിജെപിക്കെതിരെ കൂട്ടായ പോരാട്ടത്തിന് സഞ്ജയ് റാവത്ത് എംപി നിർബന്ധം പിടിച്ചതായും റിപ്പോർട്ടുണ്ട്.
ഈ നിലപാട് മാറ്റം മഹാരാഷ്ട്രയിൽ ശ്രദ്ധേയമായ ഒരു വഴിത്തിരിവാണ്. അടുത്ത കാലം വരെ ശിവസേനയും (യുബിടി) കോണ്‍ഗ്രസും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രമായി മത്സരിക്കാന്‍ ഉദ്ദേശ്യം പ്രകടിപ്പിച്ചിരുന്നു. ആര്‍ക്കെങ്കിലും വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ വരാമെന്നും അല്ലെങ്കില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആയിരുന്നു സഞ്ജയ് റാവത്തിൻ്റെ മുൻ നിലപാട്. ബിജെപിയുമായുള്ള സഖ്യത്തിൽ നിന്ന് നിലവിൽ നേട്ടമുണ്ടാക്കുന്ന ഏക്നാഥ് ഷിൻഡെയുടെ ശിവസേനയുടെ മുന്നേറ്റം തടയാൻ കോൺഗ്രസിൻ്റെ പിന്തുണയുടെ ആവശ്യകത ഉദ്ധവ് താക്കറെ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്.
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയുമായുള്ള (എംഎൻഎസ്) പങ്കാളിത്തം മെച്ചപ്പെടുത്താനും കോൺഗ്രസുമായുള്ള സഖ്യം നിലനിർത്തുകയും ചെയ്യുക എന്നതാണ് സഞ്ജയ് റാവത്തിന് മുന്നിലുള്ള പ്രധാന പ്രതിസന്ധി. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണം എംഎൻഎസുമായി ഒരു വേദി പങ്കിടില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ വോട്ട് വിഹിതമില്ലാതെ ബിജെപി-ഷിൻഡെ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ താക്കറെ വിഭാഗങ്ങൾക്ക് കഴിയില്ലെന്നാണ് ഞായറാഴ്ചത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
പിളർപ്പിന് മുമ്പ് 25 വർഷത്തോളം ബിഎംസിയെ നിയന്ത്രിച്ചിരുന്നത് ശിവസേനയാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ബിഎംസിയുടെ നിയന്ത്രണം പലപ്പോഴും സംസ്ഥാനത്തിൻ്റെ നിയന്ത്രണത്തിന് തുല്യമാണ്. എന്ത് വില കൊടുത്തും ബിഎംസിയിലെ താക്കറെ കുടുംബത്തിൻ്റെ ആധിപത്യം അവസാനിപ്പിക്കാൻ ബിജെപി ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഉദ്ധവ് താക്കറെയ്ക്ക് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനും തൻ്റെ പാർട്ടിയുടെ അടിത്തറ സംരക്ഷിക്കാനുമുള്ള അവസാന അവസരമാണ് ഈ തെരഞ്ഞെടുപ്പ്.