മുംബൈ: മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ തിളക്കമാർന്ന വിജയം. 288 മഹാരാഷ്ട്ര നഗർ പരിഷത്ത്, പഞ്ചായത്ത് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പ്രഖ്യാപിച്ചത്. 129 ഇടത്ത് ബിജെപി ഒറ്റയ്ക്ക് വിജയം നേടിയിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, മഹായുതിയുടെ വിജയത്തിന് സഹായിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും ശിവസേനയും (യുബിടി) പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസിറ്റിവിറ്റിയും, മറ്റു നേതാക്കളായ അമിത് ഷാ, നദ്ദ, നവീൻ എന്നിവർ ഞങ്ങളിൽ അർപ്പിച്ച വിശ്വാസവും നിറവേറ്റാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
"ആദ്യമായിട്ടാണ് ഞാൻ ഒരു നേതാവിനെയോ പാർട്ടിയെയോ വിമർശിക്കാതെയും ആരോപണങ്ങൾ ഉന്നയിക്കാതെയും സർക്കാർ പദ്ധതികൾ മാത്രം വിശദീകരിച്ചും പ്രചാരണം നടത്തിയത്. 100 ശതമാനവും പോസിറ്റീവായാണ് പ്രചാരണം നടത്തിയത്. അത് ഫലം കണ്ടു, ജനങ്ങൾ അത് അംഗീകരിച്ചു," ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം, "ഭരണകക്ഷിയായ മഹായുതി സഖ്യത്തെ തെരഞ്ഞെടുപ്പിൽ സഹായിച്ചതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നതായി" മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡൻ്റ് ഹർഷവർധൻ സപ്കൽ പരിഹസിച്ചു.
"ഭരണകക്ഷിയുടെ അധികാരവും പണക്കൊഴുപ്പും കാരണം മഹാവികാസ് അഘാഡിയിലെ ഘടകകക്ഷികളേക്കാൾ കൂടുതൽ സീറ്റുകൾ മഹായുതി നേടിയിട്ടുണ്ട്," മുതിർന്ന ശിവസേനാ (യുബിടി) നേതാവ് അംബാദാസ് ദാൻവെയും വിമർശിച്ചു.