ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ട് രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയെന്ന് എൻഐഎ. ഐഎസിൽ ചേരാൻ പോപ്പുലർ ഫ്രണ്ട് യുവാക്കളെ പ്രേരിപ്പിച്ചു. ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യയിൽ കലാപമുണ്ടാക്കാനും പദ്ധതിയിട്ടെന്നും എൻഐഐ ഡൽഹി കോടതിയെ അറിയിച്ചു. പിഎഫ്ഐയിൽ നിന്ന് പിടിച്ചെടുത്ത റേഡിയോ സെറ്റുകൾ, പെൻഡ്രൈവുകൾ, വീഡിയോകൾ എന്നിവ അടക്കം നിരവധി തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കി.
പോപ്പുലർ ഫ്രണ്ടിനെതിരെ തങ്ങളുടെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെന്ന് പട്യാല ഹൗസ് കോടതിയിലെ എൻഐഎ ജഡ്ജി പ്രശാന്ത് ശർമയ്ക്ക് മുമ്പാകെ എൻഐഎയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്‌പിപി) രാഹുൽ ത്യാഗി അറിയിച്ചു. ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിലേർപ്പെട്ടാൽ രാജ്യത്തിൻ്റെ മുഴുവൻ ശ്രദ്ധയും വടക്കേ ഇന്ത്യയിലായിരിക്കുമെന്നും ആ സമയം ദക്ഷിണേന്ത്യ ആക്രമിച്ച് കീഴടക്കണമെന്നും പിഎഫ്‌ഐ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നുവെന്ന് ഒരു സാക്ഷി അറിയിച്ചതായി എൻഐഎ കോടതിയെ അറിയിച്ചു. ഇന്ത്യയിൽ ഇസ്ലാം അപകടത്തിലാണെന്ന് പ്രചാരണം നടത്തി പിഎഫ്‌ഐ ഹിന്ദുക്കൾക്കെതിരെ ശത്രുതയും വിദ്വേഷവും വളർത്തുകയായിരുന്നുവെന്നും എൻഐഎ കോടതിയിൽ പറഞ്ഞു.
അഭിഭാഷകരായ ജതിൻ, അമിത് രോഹില്ല, ശുഭം ഗോയൽ എന്നിവരോടൊപ്പം ഉണ്ടായിരുന്ന പ്രോസിക്യൂട്ടർ, കേസിന് ആസ്പദമായി സംരക്ഷിത സാക്ഷികളുടെ വിവിധ മൊഴികളും വായിച്ചു. ഗുജറാത്ത് കലാപവും ബാബറി മസ്ജിദ് തകർക്കലും ഒരു പിഎഫ്‌ഐ പ്രതിനിധി മറ്റുള്ളവരുമായി ചർച്ച ചെയ്തുവെന്നും ഇസ്ലാമിക ഭരണത്തിന്റെ 'സുവർണ ദിനങ്ങൾ' വിശദീകരിച്ചുവെന്നും ഒരു സംരക്ഷിത സാക്ഷി അറിയിച്ചതായും കോടതിയിൽ വെളിപ്പെടുത്തി.