നരേന്ദ്ര മോദിയുടെ 75ാം ജന്മദിനം ആഘോഷമാക്കാന്‍‌ ബിജെപി  
NATIONAL

'ചലോ ജീത്തേ ഹേ' ചലച്ചിത്ര പ്രദർശനം, 'സേവ പഖ്‌വാഡ'; മോദിയുടെ 75ാം ജന്മദിനം ആഘോഷമാക്കാന്‍‌ ബിജെപി

ജന്മദിനത്തില്‍ മധ്യപ്രദേശിലെ ധാർ സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പ്രഖ്യാപനങ്ങള്‍ നടത്തും

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാം ജന്മദിനം ആഘോഷമാക്കാന്‍ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ. വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ജന്മദിനത്തില്‍ മധ്യപ്രദേശിലെ ധാർ സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പ്രഖ്യാപനങ്ങള്‍ നടത്തും.

'സ്വസ്ത് നാരി, സശക്ത് പരിവാർ' ക്യാംപയിന്‍ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങില്‍ അരിവാള്‍ രോഗികള്‍ക്കുള്ള ആരോഗ്യ കാർഡുകളുടെ വിതരണം, സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രചാരണം എന്നിവയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിർന്ന നേതാക്കളായ തുളസി സിലാവത്, കൈലാഷ് വിജയവർഗിയ എന്നിവരെയാണ് പ്രധാനമന്ത്രിയെ അനുഗമിക്കാനായി മധ്യപ്രദേശ് സർക്കാർ നിയമിച്ചിരിക്കുന്നത്.

മോദിയുടെ ജീവിതത്തിലെ ഒരു ബാല്യകാല സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമിച്ച 'ചലോ ജീത്തേ ഹേ' എന്ന ചിത്രം രാജ്യത്തുടനീളമുള്ള 'സൈലന്റ് ഹീറോസിനായി' ലക്ഷക്കണക്കിന് സ്കൂളുകളിലും നിരവധി സിനിമാ ഹാളുകളിലും പ്രദർശിപ്പിക്കും. ചലച്ചിത്ര പ്രദർശനത്തിന് പുറമേ, ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാംപുകള്‍, ശുചീകരണ പ്രവർത്തനങ്ങള്‍, പൊതു ചർച്ചകള്‍ എന്നിവ ഉള്‍പ്പെടുത്തി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'സേവ പഖ്‌വാഡ'യും മധ്യപ്രദേശ് സർക്കാർ സംഘടിപ്പിക്കും.

മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തില്‍ ഡൽഹി സർക്കാർ വിവിധ വികസന പദ്ധതികള്‍ക്കും ക്ഷേമ സംരംഭങ്ങൾക്കും മോദിയുടെ ജന്മദിനത്തില്‍ തുടക്കം കുറിക്കും. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കുന്ന 15 ദിവസത്തെ 'സേവ പഖ്‌വാഡ'യിൽ ഡൽഹിയിലെ ബിജെപി സർക്കാർ 75 വികസന പദ്ധതികൾക്കും ക്ഷേമ സംരംഭങ്ങൾക്കുമാണ് തുടക്കം കുറിക്കുക.

'ബ്രൈറ്റ് അക്കാദമി'യിലെ വിദ്യാർഥികൾ മോദിയുടെ 75-ാം ജന്മദിനം ആഘോഷിക്കുന്നു

'പ്രധാനമന്ത്രി മാതൃ വന്ദന യോജന'യ്ക്ക് കീഴിലുള്ള ഫണ്ടുകൾ ഒറ്റ ക്ലിക്കിലൂടെ രാജ്യത്തുടനീളമുള്ള യോഗ്യരായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി മോദി നേരിട്ട് കൈമാറും. മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സുമൻ സഖി ചാറ്റ്ബോട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗ്രാമപ്രദേശങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും ഗർഭിണികൾക്ക് സമയബന്ധിതവും കൃത്യവുമായ വിവരങ്ങൾ നൽകാനും അവശ്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമാക്കിയാണ് ചാറ്റ്ബോട്ട് നിർമിച്ചിരിക്കുന്നത്.

ത്യാഗരാജ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ആശുപത്രി ബ്ലോക്കുകൾ, 101 ആരോഗ്യ മന്ദിറുകൾ, 150 ഡയാലിസിസ് സെന്ററുകൾ, പൊലീസിനായി 75 ഡ്രോണുകൾ, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന രണ്ട് പ്ലാന്റുകളുടെ തറക്കല്ലിടൽ എന്നിവയുൾപ്പെടെ 15 വികസന സംരംഭങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കം കുറിക്കും. ഗതാഗതക്കുരുക്കും തീപിടിത്തങ്ങളും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വിന്യസിക്കുന്നതിനായി ഡൽഹി ഫയർ സർവീസ് 24 ക്വിക്ക് റെസ്‌പോൺസ് വെഹിക്കിളുകൾ (ക്യുആർവി) പുറത്തിറക്കും.

മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് 15 ദിവസം നീണ്ടുനിൽക്കുന്ന 'സേവ പഖ്‌വാഡ'യിൽ രാജ്യ തലസ്ഥാനത്ത് നിരവധി മെഡിക്കൽ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും നടക്കും.

ബിജെപിയുടെ പിന്നാക്ക വിഭാഗ മുന്നണി സംഘടിപ്പിച്ച യജ്ഞം

അതേസമയം, എൻഡിഎ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ബിജെപിയുടെ ബിഹാർ ഘടകം പട്‌നയിൽ നിന്ന് 'ചലോ ജീത്തേ ഹേ രഥ്' കാംപയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഓരോ നിയമസഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്ന 243 പ്രത്യേകം അലങ്കരിച്ച രഥങ്ങളാണ് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്.

SCROLL FOR NEXT