ജവഹർലാൽ നെഹ്റു 
NATIONAL

"വന്ദേമാതരത്തിൽ നിന്നും ദുർഗാ ദേവിയെക്കുറിച്ചുള്ള ഭാഗം നിർബന്ധപൂർവം വെട്ടിച്ചുരുക്കി, വിഭാഗീയതയുടെ വിത്ത് പാകി"; നെഹ്‌റുവിനെതിരെ ബിജെപി

1937 സെപ്റ്റംബറിലും ഒക്ടോബറിലുമായി നെഹ്റു, സുഭാഷ് ബോസിന് എഴുതിയ കത്തുകൾ പങ്കുവെച്ചുകൊണ്ടാണ് ബിജെപി നേതാവിൻ്റെ എക്സ് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ദേശഭക്തിഗാനമായ 'വന്ദേമാതര'ത്തിലെ ദുർഗാ ദേവിയെക്കുറിച്ചുള്ള പരാമർശങ്ങൾ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിർബന്ധപൂർവം വെട്ടിചുരുക്കിയെന്ന് ബിജെപി. വന്ദേമാതരത്തിൻ്റെ 150ാം വാർഷിക ആഘോഷത്തിന് പിന്നാലെയാണ് ബിജെപി വക്താവ് സി. ആർ. കേശവൻ്റെ ആരോപണം. ദുർഗയെക്കുറിച്ചുള്ള വരികൾ നീക്കം ചെയ്ത ജവഹർലാൽ നെഹ്‌റുവും കോൺഗ്രസും വർഗീയ അജണ്ടയ്ക്ക് പിന്തുണ നൽകുകയാണെന്നും സി.ആർ. കേശവൻ ആരോപിച്ചു.

ഡൽഹിയിലെ നടന്ന വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെയും നെഹ്റുവിനെയും കടന്നാക്രമിച്ചിരുന്നു. "1937-ൽ 'വന്ദേമാതര'ത്തിന്റെ ഒരു ഭാഗം വേർപെടുത്തി. അത് കീറിമുറിച്ചു. ആ വിഭജനം രാജ്യത്തിന്റെ വിഭജനത്തിന് വിത്ത് പാകി. ഇന്നത്തെ തലമുറ നെഹ്‌റു അതെന്തിന് ചെയ്തു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. വിഭജന ചിന്ത ഇന്നും ഒരു വെല്ലുവിളിയായി തുടരുകയാണ്" മോദി പറഞ്ഞു.

ഇതിൻ്റെ ചുവടുപിടിച്ചാണ് ബിജെപി വക്താവായ സി.ആർ. കേശവൻ എക്സ് പോസ്റ്റിലൂടെ കോൺഗ്രസിനും നെഹ്റുവിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. 1937 സെപ്റ്റംബറിലും ഒക്ടോബറിലുമായി നെഹ്റു, സുഭാഷ് ബോസിന് എഴുതിയ കത്തുകൾ പങ്കുവെച്ചുകൊണ്ടാണ് ബിജെപി നേതാവിൻ്റെ പോസ്റ്റ്. വന്ദേമാതരത്തിന്റെ പശ്ചാത്തലം മുസ്ലീങ്ങളെ അലോസരപ്പെടുത്താൻ സാധ്യതയുണ്ടെന്ന് നെഹ്റു അന്ന് കത്തിൽ സൂചിപ്പിച്ചതായി സി.ആർ. കേശവൻ പറയുന്നു.

"വന്ദേമാതരത്തിലെ വാക്കുകൾ ഒരു ദേവതയുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നവരെല്ലാം തികച്ചും ബുദ്ധിയില്ലാത്തവരാണെന്ന് നെഹ്‌റു കത്തിൽ വെറുപ്പോടെ എഴുതി," പോസ്റ്റിൽ ബിജെപി നേതാവ് പറയുന്നു. എന്നാൽ സി.ആർ. കേശവൻ തന്നെ പങ്കുവച്ചിരിക്കുന്ന കത്തിൽ, അത്തരമൊരു വ്യാഖ്യാനം അസംബന്ധമാണെന്നാണ് നെഹ്‌റു പറയുന്നത്.

വന്ദേമാതരത്തിൽ ഒരുപാട് ബുദ്ധിമുട്ടുള്ള വാക്കുകൾ അടങ്ങിയിരിക്കുന്നതിനാൽ ദേശീയ ഗാനമായി ഉപയോഗിക്കുന്നതിന് അനുയോജ്യമല്ലെന്നും കത്തിൽ നെഹ്റു പറയുന്നുണ്ട്. വന്ദേമാതരത്തെ പരിഹാസപൂർവം നെഹ്റു തള്ളുകയായിരുന്നെന്നാണ് സി. ആർ. കേശവൻ ഇതിന് നൽകിയിരിക്കുന്ന ആഖ്യാനം.

"നേതാജി സുഭാഷ് ചന്ദ്രബോസ് ഗാനത്തിന്‍റെ പൂർണ പതിപ്പ് പുറത്തിറക്കുന്നതിനെ അനുകൂലിച്ചിരുന്നെങ്കിലും, വന്ദേമാതരം ദേശീയ ഗാനത്തിന് യോജിച്ചതല്ല എന്ന് നെഹ്‌റു അഭിപ്രായപ്പെട്ടിരുന്നു. വന്ദേമാതരത്തിന്‍റെ പശ്ചാത്തലം മുസ്ലീങ്ങളെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെട്ട് 1937 ഒക്ടോബർ 20-ന് നെഹ്‌റു നേതാജി ബോസിന് കത്തെഴുതി. വന്ദേമാതരത്തിനെതിരായ പ്രതിഷേധത്തിൽ കഴമ്പുണ്ടെന്ന് തോന്നുന്നുവെന്നും വർഗീയ ചായ്‌വുള്ള ആളുകളെ അത് ബാധിച്ചേക്കാമെന്നും കരുതി സുഭാഷ് ചന്ദ്ര ബോസ് ഗാനം വെട്ടിച്ചുരുക്കുകയായിരുന്നു," എക്സ് പോസ്റ്റിൽ സി. ആർ. കേശവൻ പറഞ്ഞു.

SCROLL FOR NEXT