

ജയ്‌പൂർ: സ്വകാര്യ സ്കൂളിൻ്റെ നാലാം നിലയിൽ നിന്ന് ചാടി 9 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിക്ക് അന്നേ ദിവസം ക്ലാസിലിരിക്കാൻ താൽപര്യം ഇല്ലായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മറ്റ് വിദ്യാർഥികൾ നിരന്തരം കളിയാക്കിയിരുന്നെന്ന് മാതാപിതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.
കഴിഞ്ഞ നവംബറിലാണ് സംഭവം. ജയ്പൂരിലെ നീർജ മോദി സ്കൂൾ വിദ്യാർഥിനിയായ അമൈറയാണ് 47 അടി ഉയരത്തിൽ നിന്നും ചാടി മരിച്ചത്. കുട്ടിക്ക് അന്നേ ദിവസം ക്ലാസിൽ വരാൻ താൽപര്യമില്ലായിരുന്നെന്ന് സഹപാഠികളായ രണ്ട് വിദ്യാർഥികൾ പറഞ്ഞതായി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പെൺകുട്ടി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവില്ല.
"അധ്യാപിക രണ്ട് വിദ്യാർഥികളുമായി സംസാരിക്കുന്നതായി സിസിടിവിയിൽ കാണാം. ആത്മഹത്യ ചെയ്ത വിദ്യാർഥിനി രണ്ടുതവണ അധ്യാപികയെ സമീപിച്ചിരുന്നു. കുട്ടികൾ അനുചിതമായ ഭാഷയിൽ പെൺകുട്ടിയോട് സംസാരിച്ചിട്ടുണ്ടോ എന്നും, കുട്ടി ഇക്കാര്യം അധ്യാപികയോട് പറഞ്ഞിട്ടുണ്ടോ എന്നും ഞങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല," ജില്ലാ വിദ്യാഭ്യാസ ഓഫീസർ റാംനിവാർ ശർമ പറഞ്ഞു.
പെൺകുട്ടി നാലാം നിലയിലെ ഒരു റെയിലിംഗിൽ കയറി താഴേക്ക് ചാടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല അന്വേഷണ ഉദ്യോഗസ്ഥർ സ്കൂളിലെത്തിയപ്പോഴേക്കും പെൺകുട്ടി വീണുകിടന്ന സ്ഥലം വൃത്തിയാക്കുകയും രക്തക്കറകൾ മായ്ച്ചു കളയുകയും ചെയ്തിരുന്നു.
പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ ഭരണകൂടത്തിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. സ്കൂൾ പരിസരത്ത് ഇത്തരമൊരു സംഭവം എങ്ങനെ സംഭവിക്കുമെന്ന് ചോദിച്ച മാതാപിതാക്കൾ, അധ്യാപകരുടെയും ജീവനക്കാരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.