ധർമസ്ഥല Source: Deccan Herald
NATIONAL

ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ തിരിച്ചറിഞ്ഞു; കൂടുതൽ പരിശോധനകൾ തുടരും

പരിശോധനയ്ക്കായി ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിക്കണോ എന്ന ആലോചനയിലാണ് അന്വേഷണ സംഘം.

Author : ന്യൂസ് ഡെസ്ക്

ധർമസ്ഥലയിൽ നിന്ന് കണ്ടെത്തിയ ചില അസ്ഥി ഭാഗങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു. താടിയെല്ല്, തുടയെല്ല്, പല്ല് തുടങ്ങിയവ തിരിച്ചറിഞ്ഞു. അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയിൽ എന്നിങ്ങനെ ഉള്ള അസ്ഥിഭാഗങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാൻ പറ്റാത്ത, പൊട്ടിയ നിലയിൽ ഉള്ള അസ്ഥിഭാഗങ്ങളുടെ ഫോറൻസിക് പരിശോധന നടത്തും.

ശേഖരിച്ച അസ്ഥിഭാഗങ്ങൾ ഇന്ന് തന്നെ ബെംഗളൂരുവിലെ എഫ്എസ്എൽ ലാബിലേക്ക് അയക്കും. അതേസമയം ധർമസ്ഥലയിൽ ഇന്നും വ്യാപക പരിശോധന നടക്കും. പരിശോധനയ്ക്കായി ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിക്കണോ എന്ന ആലോചനയിലാണ് അന്വേഷണ സംഘം.

അതേസമയം, ധർമസ്ഥല കൂട്ടക്കൊല വെളിപ്പെടുത്തലിൽ വനത്തിനുള്ളിൽ പരിശോധന നടത്താനാണ് എസ്ഐടി തീരുമാനം. ഏഴാമത്തെ പോയിന്റിൽ ഇന്ന് തെരച്ചിൽ നടത്തും. പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി. കഴിഞ്ഞ ദിവസം ആര് വരെയുള്ള പോയിൻ്റുകളിൽ പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

ഒന്നാമത്തെ സ്പോട്ടിൽ നിന്ന് കണ്ടെത്തിയ പാൻ കാർഡ് 2025-ൽ മരിച്ചയാളുടേതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രോഗബാധിതനായി മരിച്ച ഇദ്ദേഹത്തിൻറെ വസ്തുക്കൾ പുഴയിൽ കൊണ്ടുവന്ന് ബന്ധുക്കൾ ഒഴുക്കിയതാകാം എന്നാണ് നിഗമനം. പാൻ കാർഡ് ഉടമയുടെ ബന്ധുക്കളോട് എസ്ഐടി സംഘം സംസാരിച്ചു. മുൻ ക്ഷേത്ര ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണ സംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 13 സ്ഥലങ്ങൾ അടയാളപ്പെടുത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്. ഇതില്‍ ആറാം സ്പോട്ടില്‍ കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം അസ്ഥികൂടം കണ്ടെത്തിയത്.

SCROLL FOR NEXT