പ്രയാഗ്‌രാജ്: അവധി അപേക്ഷയ്ക്ക് വാട്ട്സ്ആപ്പിലൂടെ 'ഒകെ' എന്ന് മറുപടി നൽകിയത് കൊണ്ട് മാത്രം ഔദ്യോഗികമായി അവധി അനുവദിച്ചതായി കണക്കാക്കാനാവില്ലെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അലഹബാദ് ബെഞ്ചിന്റെ വിധി. പ്രയാഗ്‌രാജിൽ നിന്ന് ഫത്തേപ്പൂരിലേക്കുള്ള തന്റെ സ്ഥലംമാറ്റം ചോദ്യം ചെയ്ത് നോർത്ത് സെൻട്രൽ റെയിൽവേയിലെ ചീഫ് കൊമേഴ്സ്യൽ സൂപ്പർവൈസർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജുഡീഷ്യൽ അംഗം രജ്നീഷ് കുമാർ റായ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
2025 ജൂലൈ 14 മുതൽ 16 വരെ മൂന്ന് ദിവസത്തെ അവധിയെടുത്ത് നാട്ടിൽ പോയ ഹർജിക്കാരൻ, ജൂലൈ 17, 18 തീയതികളിൽ രണ്ട് ദിവസത്തെ അധിക അവധി കൂടി ആവശ്യപ്പെട്ട് പ്രയാഗ്‌രാജിലെ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന് ഉദ്യോഗസ്ഥൻ 'ഒകെ' എന്ന് മറുപടി നൽകിയെന്നും, തുടർന്ന് ജൂലൈ 17-ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചപ്പോൾ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും പ്രതികാര നടപടിയെന്നോണം ഫത്തേപ്പൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തുവെന്നായിരുന്നു ജീവനക്കാരന്റെ പരാതി.
എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ തള്ളിയ റെയിൽവേ അധികൃതർ, വാട്സാപ്പിൽ 'ഒകെ' എന്ന് മറുപടി നൽകിയ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ 2025 ജൂലൈ 14 മുതൽ 25 വരെ പരിശീലനത്തിലായിരുന്നുവെന്നും, ആ സമയത്ത് കൊമേഴ്സ്യൽ വിഭാഗത്തിന്റെ ഔദ്യോഗിക ചുമതല ഫ്രൈറ്റ് വിഭാഗം സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരായ അതുൽ യാദവിനായിരുന്നുവെന്നും ട്രൈബ്യൂണലിൽ വ്യക്തമാക്കി. മാത്രമല്ല റെയിൽവേ ബോർഡിന്റെയും നോർത്ത് സെൻട്രൽ റെയിൽവേയുടെയും കർശന നിർദ്ദേശപ്രകാരം എച്ച്ആർഎംഎസ് പോർട്ടൽ വഴിയാണ് അവധിക്ക് അപേക്ഷിക്കേണ്ടതും അനുമതി വാങ്ങേണ്ടതും. ചുമതലയിലില്ലാത്ത ഉദ്യോഗസ്ഥൻ വാട്സാപ്പിൽ നൽകിയ 'ഒകെ' സന്ദേശം യോഗ്യതയുള്ള അധികാരി അവധി അനുവദിച്ചതിന്റെ ആധികാരിക തെളിവായി സ്വീകരിക്കാനാവില്ലെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു.
2019 മുതൽ പ്രയാഗ്‌രാജ് ഡിആർഎം ഓഫീസിൽ തുടരുന്ന ഹർജിക്കാരനെ ഫത്തേപ്പൂർ റെയിൽവേ സ്റ്റേഷനിൽ പുതുതായി ആരംഭിച്ച ബുക്കിംഗ് ഓഫീസിലെ ഒഴിവിലേക്കാണ് പ്ലേസ്‌മെന്റ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം മാറ്റിയതെന്നും, കൃത്യമായ ഭരണപരമായ ആവശ്യങ്ങൾ മുൻനിർത്തി നടത്തിയ ഈ സ്ഥലംമാറ്റത്തിൽ ദുരുദ്ദേശ്യമോ പ്രതികാര നടപടിയോ ഇല്ലെന്നും വ്യക്തമാക്കിയാണ് ട്രൈബ്യൂണൽ ഹർജി തള്ളിയത്.