ലീവിന് അപേക്ഷിച്ചുകൊണ്ട് ഒരു ജെൻസി ഇന്റേൺ മാനേജർക്കയച്ച ഇ-മെയിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഒരു ട്രിപ്പിനായി മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു മെയിൽ. എന്നാൽ അതിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു ഇന്റേൺ. 20 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിൽ ഇങ്ങനെയൊരു ലീവ് റിക്വസ്റ്റ് ആദ്യമാണെന്ന് മാനേജർ പറയുന്നു. സംഭവം വൈറലായതോടെ ജെൻസികളുടെ ജോബ് ആറ്റിറ്റ്യൂഡിനെക്കുറിച്ച് വൻ ചർച്ചയാണിപ്പോൾ.
"ഹായ്, ജോലിഭാരം കാരണം മടുപ്പാണ്, എനർജി തീർന്നു. ഒരു വൈബ് കിട്ടുന്നില്ല. അതിനാൽ ഞാൻ ജൂലൈ 28 മുതൽ 30 വരെ അവധിയെടുക്കുന്നു. എന്നെ മിസ് ചെയ്യരുത്" ഇതാണ് ഇന്റേൺ മാനേജർക്കയച്ച വാചകം. 20 വർഷത്തെ കരിയറിൽ ഇത്തരത്തിലുള്ള ഒരു മെയിൽ താൻ കണ്ടിട്ടില്ല - മാനേജർ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തു.
നിമിഷനേരം കൊണ്ട് വലിയ ചർച്ചകൾക്ക് തന്നെ റെഡ്ഡിറ്റ് വേദിയായി. "എന്റെ ട്രെയിൻ പിഎൻആർ ഇതാണ്, ബുക്കിംഗ് സ്ലിപ്പ് താഴെ അറ്റാച്ച് ചെയ്യുന്നു. പിന്നീട് സംസാരിക്കാം, ബൈ." എന്നും എഐ സ്റ്റാർട്ടപ്പ് കമ്പനിയിലെ ജെൻസി ഇന്റേൺ മാനേജർക്കയച്ച മെയിലിലുണ്ട്.
ഒട്ടും പ്രൊഫഷണലല്ലാതെ എഴുതിയ മെയിൽ എന്ന് വിമർശിച്ച് കുറെപ്പേർ ഒരു ഭാഗത്ത്. ജെൻസിയുടെ കാഷ്വൽ കമ്മ്യൂണിക്കേഷൻ സ്റ്റൈൽ പ്രോത്സാഹിപ്പിച്ചവർ മറുഭാഗത്ത്. ജെൻസിയെ കണ്ടുപഠിക്കണമെന്നും എന്റെ ഭർത്താവ് ലീവ് എടുത്തിട്ട് രണ്ട് മാസമായെന്നും ചിലർ കുറിച്ചു. ജെൻസികൾക്ക് ഇത്തരം മെയിൽ അയക്കാൻ കഴിയുന്നത് സുഖസൗകര്യത്തിൽ വളർന്നതുകൊണ്ടാണെന്ന് മറ്റ് ചിലർ. മില്ലേനിയൻസ് അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെൻസികൾ കണ്ടിട്ടില്ല എന്നുള്ള അമ്മാവൻ ഡയലോഗും അതിലുണ്ട്.
അതേസമയം മെന്റൽ ഹെൽത്തിനും കാഷ്വൽ കമ്മ്യൂണിക്കേഷനും പ്രാധാന്യത്തെ എടുത്തുകാണിച്ച് ഇന്റേണിന്റെ സമീപനത്തെ പിന്തുണച്ചവരാണ് കൂടുതലും.