പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ഉച്ച കഴിഞ്ഞ് രണ്ടിന് ന്യൂഡല്‍ഹി ഭാരതമണ്ഡപത്തിലാണ് ഉച്ചകോടി ആരംഭിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ലോകനേതാക്കള്‍ രാജ്യതലസ്ഥാനത്ത് എത്തിത്തുടങ്ങി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ ഉള്‍പ്പെടെ നേതാക്കള്‍ വെള്ളിയാഴ്ച തന്നെ ഡല്‍ഹിയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ന് ഉച്ചയ്ക്ക് 12ഓടെ എത്തും. ഏഴ് വര്‍ഷത്തിനുശേഷമാണ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്. രാത്രി ഏഴരയ്ക്ക് രാഷ്ട്രത്തലവൻമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശനി, ഞായര്‍ ദിവസങ്ങളിലായാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. 2026ലെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യം എന്ന നിലയിലാണ് ഇന്ത്യ ഇത്തവണത്തെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ഈജിപ്ത്, എത്യോപ്യ എന്നീ 11 രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ പങ്കാളിത്ത രാജ്യങ്ങളായി ബലാറസ്, ബൊളീവിയ, ക്യൂബ, കസാഖിസ്ഥാൻ, മലേഷ്യ, നൈജീരിയ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാന്‍, വിയറ്റ്നാം എന്നിവരുമുണ്ട്. പുടിനെയും ഷിയെയും പെസഷ്കിയാനെയും കൂടാതെ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം, ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ബംഗ്ലദേശിനെ ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി താരിഖ് റഹ്മാൻ എത്തിയേക്കില്ല.
ബ്രിക്സ് ഉച്ചകോടിയിൽ ക്രിയാത്മകവും അർത്ഥവത്തായതുമായ ചർച്ചകൾ നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉച്ചകോടിക്കായി ലോകമെമ്പാടുമുള്ള നേതാക്കൾ ഒത്തുചേരും. ആഗോള ക്ഷേമം എന്ന പൊതുലക്ഷ്യത്തോടെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നും മോദി വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇക്കുറി ഉച്ചകോടി നടക്കുന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധം, ഹോർമുസ്, യുഎസിന്റെ തീരുവ വെല്ലുവിളി, ആഗോള വ്യാപാരം, ഊര്‍ജ സുരക്ഷ ഉള്‍പ്പെടെ വിഷയങ്ങൾ ചർച്ചയാകും. ഉച്ചകോടിക്കു ശേഷം ലോകനേതാക്കളുടെ സംയുക്ത പ്രസ്താവന ഉണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഉച്ചകോടി ചര്‍ച്ചകള്‍ക്കു പുറമേയും കൂടിക്കാഴ്ചകള്‍ നടക്കും. 15 രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച എത്തിയ റഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക രാഷ്ട്രത്തലവന്മാർ ബ്രിക്സ് ബിസിനസ് ഫോറത്തിലും പങ്കെടുത്തിരുന്നു. പുടിന്‍, പെസഷ്കിയാന്‍, സിറിൽ റാമഫോസ എന്നിവരുമായി പ്രധാനമന്ത്രി മോദി ചര്‍ച്ചകളും നടത്തി.