ഹൈദരബാദ്: പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് നിയമസഭാംഗമായ കെ.കവിതയെ സസ്പെൻഡ് ചെയ്ത് ബിആർഎസ്. കെ. കവിതയുടെ പിതാവും ബിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര റാവു തന്നെയാണ് നടപടിയെടുത്തത്. ചന്ദ്രശേഖർ റാവുവിനെതിരെ ഫെഡറൽ അന്വേഷണത്തിന് മുതിർന്ന ബിആർഎസ് നേതാവ് ടി. ഹരീഷ് റാവുവിനെ പരസ്യമായി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
കെ. കവിത തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് പാർട്ടി പ്രസ്താവനയിൽ പറയുന്നത്. "പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ കെ. കവിതയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ബിആർഎസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചു. പാർട്ടി എംഎൽസി കെ. കവിതയുടെ സമീപകാല പെരുമാറ്റവും തുടർച്ചയായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും പാർട്ടിക്ക് ദോഷം ചെയ്യുന്നതിനാൽ പാർട്ടി നേതൃത്വം ഈ വിഷയം ഗൗരവമായി കാണുന്നു," ബിആർഎസ് എക്സ് പോസ്റ്റിൽ പറയുന്നു.
കാലേശ്വരം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ സിബിഐയെ ഏൽപ്പിച്ചിരുന്നു. പിന്നാലെയാണ് കെ. കവിത ഹരീഷ് റാവുവിനെതിരെ ആരോപണമുന്നയിച്ചത്. ഇത് കെ.സി. ആറിനെതിരായ ഗൂഢാലോചനയാണെന്നായിരുന്നു കവിതയുടെ ആരോപണം. 2014-ൽ ബിആർഎസ് അധികാരത്തിലിരുന്നപ്പോൾ ജലസേചന മന്ത്രിയായിരുന്ന ഹരീഷ് റാവു, നിലവിലെ മുഖ്യമന്ത്രിയായ കോൺഗ്രസിന്റെ എ. രേവന്ത് റെഡ്ഡിയുമായി ചേർന്ന് സ്വത്തുക്കൾ സമ്പാദിച്ചുവെന്നും കെസിആറിന്റെ പ്രതിച്ഛായ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും കെ. കവിത ആരോപിച്ചു.