അപകടത്തിൽ തകർന്ന ബസ് Source: ANI
NATIONAL

തെലങ്കാനയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം നടന്നത്

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ഇന്ന് രാവിലെ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഇരുപത് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം നടന്നത്.

അപകടത്തിൽ പെട്ട തെലങ്കാന ആർടിസി ബസിൽ 70 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസ് ചരൽ നിറച്ച ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിലുണ്ടായിരുന്ന ചരൽ മുഴുവൻ ബസിലേക്ക് വീണതോടെ നിരവധി യാത്രക്കാർ ചരലിനടിയിൽ അകപ്പെട്ടു.

10 മാസം പ്രായമുള്ള കുഞ്ഞ്, 10 സ്ത്രീകൾ, രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാർ എന്നിവരും അപകടത്തിൽ മരിച്ചു.പരിക്കേറ്റവർ സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

പരിക്കേറ്റവരെ വളരെയധികം കഷ്ടപ്പെട്ടാണ് പൊലീസും രക്ഷാപ്രവർത്തകരും ചരലിൽ നിന്നും പുറത്തെത്തിച്ചത്. ബസ് മുറിച്ച് മാറ്റിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

റോഡപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. അപകടകാരണങ്ങൾ സംബന്ധിച്ച് ഗതാഗത മന്ത്രി പൊന്നം പ്രഭാകർ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വൈ നാഗിറെഡ്ഡിയുമായി സംസാരിക്കുകയും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT